‘1 കോടി സർക്കാർ ജോലികൾ, സ്ത്രീകൾക്ക് 1 ലക്ഷം വരുമാനം’; ബീഹാറിൽ എൻഡിഎയുടെ വൻ പ്രഖ്യാപനം!

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. വൻതോതിലുള്ള കുടിയേറ്റം നടക്കുന്ന സംസ്ഥാനത്ത് ഒരു കോടി സർക്കാർ ജോലികൾ ഉൾപ്പെടെ നിരവധി വലിയ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും മുഖ്യമന്ത്രി നിതീഷ് കുമാറും മറ്റ് മുതിർന്ന നേതാക്കളും ചേർന്നാണ് പട്നയിൽ പ്രകടനപത്രിക പ്രകാശനം ചെയ്തത്.
സംസ്ഥാനത്തെ ഓരോ യുവാവിനും അവരുടെ കഴിവിന് അനുസരിച്ചുള്ള തൊഴിൽ നൽകാൻ സ്കിൽ സെൻസസ് (Skill Census) നടത്തും. എല്ലാ ജില്ലകളിലും മെഗാ സ്കിൽ സെന്ററുകൾ സ്ഥാപിക്കും. ബീഹാർ സ്പോർട്സ് സിറ്റിയിലും മറ്റ് ഡിവിഷനുകളിലും ‘സെന്റർ ഓഫ് എക്സലൻസ്’ (‘Centres of Excellence) സ്ഥാപിക്കും.
വനിതാ ശാക്തീകരണത്തിനായി ഒരു കോടി സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരുമാനം നേടാൻ കഴിയുന്ന പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രിയുടെ വനിതാ തൊഴിൽദാന പദ്ധതി വഴി സ്ത്രീകൾക്ക് 2 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. വനിതാ സംരംഭകരെ കോടീശ്വരികളാക്കാൻ ‘മിഷൻ കോടീശ്വരി’ പദ്ധതിക്ക് രൂപം നൽകും.
അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും പദ്ധതി ഉണ്ട്. ഏഴ് എക്‌സ്‌പ്രസ് വേകളും 3,600 കിലോമീറ്റർ റെയിൽ പാതകളുടെ നവീകരണവും നടത്തും. പട്ന, ദർഭംഗ, പൂർണിയ, ഭാഗൽപൂർ എന്നിവിടങ്ങളിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ സ്ഥാപിക്കും. നാല് നഗരങ്ങളിൽ മെട്രോ ശൃംഖല കൊണ്ടുവരും. എല്ലാ ജില്ലകളിലും ഫാക്ടറികളും 10 പുതിയ ഇൻഡസ്ട്രിയൽ പാർക്കുകളും നിർമ്മിക്കും. 100 MSME പാർക്കുകളും 50,000ത്തിലധികം ചെറുകിട സംരംഭങ്ങളും ആരംഭിക്കും. കൂടാതെ, ബീഹാറിനെ ടെക്സ്റ്റൈൽ, സിൽക്ക് ഹബ്ബാക്കി മാറ്റും.
എല്ലാ ജില്ലയിലും മെഡിക്കൽ കോളേജും ലോകോത്തര നിലവാരമുള്ള മെഡിസിറ്റിയും സ്ഥാപിക്കും. കർഷകരെയും മത്സ്യത്തൊഴിലാളികളും സഹായിക്കാനും പദ്ധതികൾ ഉണ്ട്. എല്ലാ വിളകൾക്കും താങ്ങുവില (MSP) ഉറപ്പാക്കും. കർഷകർക്കുള്ള കിസാൻ സമ്മാൻ നിധി 6,000 രൂപയിൽ നിന്ന് 9,000 രൂപയായി വർദ്ധിപ്പിക്കും. മത്സ്യത്തൊഴിലാളികൾക്കുള്ള സഹായം 4,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തും. സംസ്ഥാനത്തിന്റെ കാർഷിക അടിസ്ഥാന സൗകര്യങ്ങൾക്കായി 1 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കും, എന്ന് തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് എൻഡിഎയുടെ പ്രകടനപത്രികയിലുള്ളത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		