കടം തീർക്കാൻ വൃക്ക വിറ്റ് കർഷകൻ; ഒരു ലക്ഷം രൂപയ്ക്ക് ദിവസം 10,000 പലിശ

മഹാരാഷ്ട്രയിലെ കർഷകനാണ് കടം കാരണം വൃക്ക വിൽക്കേണ്ടി വന്നത്.
ഒരു ലക്ഷം രൂപയാണ് അദ്ദേഹം കടം വാങ്ങിയത്. പ്രതിദിനമുള്ള 10,000 രൂപ പലിശയും കാരണം അദ്ദേഹത്തിന്റെ കടം 74 ലക്ഷം രൂപയായി. തുക ഉയർന്നതോടെയാണ് അത് വീട്ടാൻ ചന്ദ്രപൂറിലെ കർഷകന് വൃക്ക വിൽക്കേണ്ടി വന്നത്.
ചന്ദ്രപൂർ ജില്ലയിൽ നിന്നുള്ള റോഷൻ സദാശിവ് കുഡെ എന്ന കർഷകനാണ് ഈ ദുരവസ്ഥ നേരിട്ടത്. കൃഷിയിലെ തുടർച്ചയായ നഷ്ടം കാരണം അദ്ദേഹം ഡയറി ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു. പല സ്വകാര്യ പണമിടപാടുകാരിൽ നിന്നായി മൊത്തം ഒരു ലക്ഷം രൂപ കടമെടുത്തു. ഡയറി ബിസിനസ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ, വാങ്ങിയ പശുക്കൾ ചത്തുപോവുകയും സ്വന്തമായുള്ള കൃഷിഭൂമിയിലെ വിളകൾ നശിക്കുകയും ചെയ്തു.
ഇതോടെ കടക്കെണി മുറുകി. പണമിടപാടുകാർ കുഡെയെയും കുടുംബത്തെയും ശല്യപ്പെടുത്താൻ തുടങ്ങി. കടം വീട്ടാനായി കർഷകൻ തൻ്റെ ഭൂമി, ട്രാക്ടർ, വിലപിടിപ്പുള്ള വീട്ടുസാധനങ്ങൾ എന്നിവയെല്ലാം വിറ്റു. എന്നാൽ അതൊന്നും കടം തീർക്കാൻ മതിയായില്ല. അങ്ങനെയാണ്, പണമിടപാടുകാരിൽ ഒരാൾ കുഡെയോട് വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. ഏജൻ്റ് വഴി അദ്ദേഹം ആദ്യം കൊൽക്കത്തയിൽ എത്തുകയും അവിടെ വെച്ച് ടെസ്റ്റുകൾ നടത്തുകയും ചെയ്തു. തുടർന്ന്, കംബോഡിയയിൽ പോയി വൃക്ക നീക്കം ചെയ്യുകയും, അത് 8 ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു.
പരാതി നൽകിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് കുഡെ ആരോപിച്ചു. ഇത് തൻ്റെ മാനസികവും ശാരീരികവുമായ ദുരിതം വർദ്ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ, താനും കുടുംബവും മുംബൈയിലെ സംസ്ഥാന സർക്കാർ ആസ്ഥാനമായ മന്ത്രാലയത്തിന് മുന്നിൽ തീകൊളുത്തി മരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. കിഷോർ ബവൻകുളെ, മനീഷ് കാൽബന്ദേ, ലക്ഷ്മൺ ഉർക്കുഡെ, പ്രദീപ് ബവൻകുളെ, സഞ്ജയ് ബല്ലാർപുരെ, ലക്ഷ്മൺ ബോർക്കർ എന്നിവരാണ് ബ്രഹ്മപുരി ടൗണിലെ പണമിടപാടുകാർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here