‘ഓപ്പറേഷൻ ചക്ര-V’! ഇന്ത്യയിലെ 1000 കോടിയുടെ ഓൺലൈൻ തട്ടിപ്പ് ശൃംഖലയെ കുടുക്കി സിബിഐ

ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് ആളുകളെ കബളിപ്പിച്ച വലിയ അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ പിടികൂടി സിബിഐയുടെ ‘ഓപ്പറേഷൻ ചക്ര-V’. സംഘടിത സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനുള്ള സിബിഐയുടെ ‘ഓപ്പറേഷൻ ചക്ര-V’ എന്ന ദൗത്യത്തിന്റെ ഭാഗമാണ് ഈ നടപടി.

വ്യാജ വായ്പാ അപേക്ഷകൾ, കള്ള നിക്ഷേപ പദ്ധതികൾ, പാർട്ട് ടൈം ജോലി വാഗ്ദാനങ്ങൾ, നിയമവിരുദ്ധ ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ ആളുകളെ കബളിപ്പിച്ചത്. ഈ തട്ടിപ്പിന് പിന്നിൽ നാല് വിദേശികളും 111 വ്യാജ കമ്പനികളും പ്രവർത്തിച്ചിരുന്നു എന്നാണ് വിവരം. മൂന്ന് പ്രധാന പ്രതികളെ നേരത്തെ ഒക്ടോബറിൽ അറസ്റ്റ് ചെയ്തിരുന്നു. പോൺസി’ (Ponzi) പദ്ധതികളും മൾട്ടി-ലെവൽ മാർക്കറ്റിംഗ് (MLM) രീതികളും ഇവർ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നാല് വിദേശികൾ ഉൾപ്പെടെ 17 പേർക്കെതിരെയാണ് സിബിഐ കുറ്റപത്രം നൽകിയത്. വിശദമായുള്ള അന്വേഷണത്തിലാണ്, ഒരേപോലെയുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ, പണമിടപാട് രീതികൾ, പേയ്‌മെന്റ് ഗേറ്റ്‌വേകൾ, ഡിജിറ്റൽ അടയാളങ്ങൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വലിയ ശൃംഖലയാണിതെന്ന് കണ്ടെത്തിയത്.

തട്ടിപ്പുകാർ ഗൂഗിൾ പരസ്യങ്ങൾ, എസ്എംഎസ് കാമ്പെയ്‌നുകൾ, ക്ലൗഡ് സെർവറുകൾ, ഫിൻടെക് പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം ഉപയോഗിച്ച് വളരെ സങ്കീർണ്ണമായ സാങ്കേതിക വിദ്യയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. 111 വ്യാജ കമ്പനികൾ ആണ് ഈ തട്ടിപ്പിന്റെ കേന്ദ്രം. വ്യാജ ഡയറക്ടർമാർ, കള്ളരേഖകൾ, വ്യാജ വിലാസങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയത്. നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകൾ വഴി 1,000 കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി അന്വേഷണത്തിൽ കണ്ടെത്തി.

ഒരു അക്കൗണ്ടിൽ മാത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ 152 കോടിയാണ് ലഭിച്ചത്. കർണാടക, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ 27 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. വിദേശ പൗരന്മാർ വിദേശത്തിരുന്ന് നേരിട്ടാണ് തട്ടിപ്പ് നിയന്ത്രിച്ചിരുന്നത് എന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. 2025 ഓഗസ്റ്റ് വരെ വിദേശത്തുനിന്ന് യുപിഐ ഐഡി സജീവമായിരുന്നു. സൗ യി, ഹുവാൻ ലിയു, വെയ്ജിയാൻ ലിയു, ഗുവാൻഹുവ വാങ് എന്നിവരാണ് വിദേശത്ത് നിന്ന് തട്ടിപ്പ് നിയന്ത്രിച്ച പ്രധാനികൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top