വെടിയൊച്ചകൾക്കിടയിലും സൈനികർക്ക് തുണയായി പത്തു വയസ്സുകാരൻ; ശ്രാവൺ സിംഗിന് രാഷ്ട്രപതിയുടെ പുരസ്കാരം

അതിർത്തിയിൽ കാവൽ നിന്ന ഇന്ത്യൻ സൈനികർക്ക് യുദ്ധസമയത്ത് സഹായമെത്തിച്ച പത്തു വയസ്സുകാരൻ ശ്രാവൺ സിംഗിന് രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ശ്രാവൺ ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്കാരം’ ഏറ്റുവാങ്ങി.

പഞ്ചാബിലെ ഫിറോസ്പൂരിലുള്ള ചക് തരൻ വാലി സ്വദേശിയാണ് ശ്രാവൺ. പാകിസ്ഥാനെതിരായ ‘ഓപ്പറേഷൻ സിന്ദൂർ’ നടന്നുകൊണ്ടിരിക്കെ, അതിർത്തിയിലെ ഉയർന്ന സുരക്ഷാ മേഖലകളിൽ കാവൽ നിന്നിരുന്ന സൈനികർക്ക് വെള്ളം, പാൽ, ചായ, ലസ്സി എന്നിവ ശ്രാവൺ മുടങ്ങാതെ എത്തിച്ചുനൽകി. വലിയ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുതിർന്നവർ പോലും പോകാൻ മടിച്ചപ്പോഴാണ് ഈ പത്തുവയസ്സുകാരൻ തന്റെ ചെറിയ സൈക്കിളിൽ സൈനികർക്ക് ആശ്വാസമെത്തിച്ചത്.

സൈനികർ ഗ്രാമത്തിൽ എത്തിയപ്പോൾ അവരെ സേവിക്കണമെന്ന് തോന്നിയെന്നും, അങ്ങനെയാണ് സഹായിച്ചതെന്നുമാണ് ഈ കൊച്ചു മിടുക്കൻ പറഞ്ഞത്. ഈ പുരസ്കാരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ലെന്നും ശ്രാവൺ പറഞ്ഞു. ശ്രാവണിന്റെ ധീരതയെ ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള പ്രമുഖർ പ്രശംസിച്ചു. ‘ദേശസ്നേഹം പ്രായത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പ്രവൃത്തിയിലൂടെ തെളിയിക്കേണ്ടതാണെന്ന് ഈ കുട്ടി കാണിച്ചുതന്നു,’ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിൽ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. വീരബാല ദിവസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ശ്രാവൺ ഉൾപ്പെടെയുള്ള കുട്ടികൾക്ക് പുരസ്കാരം നൽകിയത്. ധീരത, കല, സംസ്കാരം, പരിസ്ഥിതി, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളിൽ അസാമാന്യ പ്രകടനം നടത്തുന്ന കുട്ടികൾക്ക് രാജ്യം നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് രാഷ്ട്രീയ ബാൽ പുരസ്കാരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top