മധ്യപ്രദേശിൽ 14 കുട്ടികൾക്ക് കാഴ്ച നഷ്ടപ്പെട്ടു; വില്ലനായത് ‘കാർബൈഡ് ഗൺ’

ഓരോ ദീപാവലിക്കും കുട്ടികളെ ആകർഷിക്കാൻ നിരവധി വൈവിധ്യമാർന്ന പടക്കങ്ങളും തോക്കുകളും ഇറക്കാറുണ്ട്. എന്നാൽ ഇത്തവണ അങ്ങനെ ഇറക്കിയ തോക്കാണ് മധ്യപ്രദേശിൽ 14 കുട്ടികളെ ഇരുട്ടിലാക്കിയത്. ‘കാർബൈഡ് ഗൺ’ എന്ന ‘നാടൻ പടക്ക ഗൺ’ ആണ് ഈ ദുരന്തങ്ങൾക്ക് കാരണമായത്. 122ൽ അധികം കുട്ടികളെയാണ് കണ്ണിന് ഗുരുതര പരിക്കേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 14 കുട്ടികൾക്കാണ് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടത്.
സർക്കാർ, കാർബൈഡ് ഗണ്ണുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ അത് ലംഘിച്ചാണ് പ്രാദേശിക മാർക്കറ്റുകളിൽ ഈ ‘നാടൻ കാർബൈഡ് ഗൺ’ പരസ്യമായി വിറ്റഴിച്ചത്. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായത്. ഏകദേശം 150 രൂപ മുതൽ 200 രൂപ വരെയാണ് ഇതിന്റെ വില. കളിപ്പാട്ടങ്ങളെന്ന പേരിലാണ് ഇവയെല്ലാം വിറ്റഴിക്കുന്നത്. എന്നാൽ ഇതൊരു കളിപ്പാട്ടമല്ല, താൽക്കാലിക സ്ഫോടക വസ്തുവാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ബോംബുകൾ പോലെയാണ് ഇവ പൊട്ടിത്തെറിക്കുന്നത്.
കൂടുതലും വീടുകളിലാണ് ഈ തോക്കുകൾ നിർമിക്കുന്നത്. ഇതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ അംശങ്ങൾ കണ്ണിൽ പ്രവേശിച്ചാണ് അപകടമുണ്ടാകുന്നത്. കാൽസ്യം കാർബൈഡും (calcium carbide) വെള്ളവും ചേരുമ്പോൾ ഉണ്ടാകുന്ന അസറ്റിലിൻ ഗ്യാസ് (acetylene gas) പൊട്ടിത്തെറിക്കുമ്പോഴാണ് ഈ അപകടകരമായ കണികകൾ കുട്ടികളുടെ കണ്ണുകളിൽ പതിക്കുന്നത്. തുടർന്ന് കണ്ണിന്റെ കോർണിയയെ (cornea) ഇത് ഗുരുതരമായി ബാധിക്കുന്നു.
ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. നിയമവിരുദ്ധമായി ഈ ഉപകരണങ്ങൾ വിറ്റതിന് വിദിഷ പൊലീസ് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here