പതിനാലുകാരിയുടെ പ്രസവം; പ്രതിയായ പിതാവിന്റെ മൊഴി പുറത്ത്.. പീഡനം ലഹരിക്ക് അടിമപ്പെട്ട്

കാസർഗോഡ് കാഞ്ഞങ്ങാട് 14 വയസ്സുകാരി പിതാവിൽ നിന്ന് ഗർഭിണിയാവുകയും തുടർന്ന് പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ 48 കാരൻ ഭാര്യക്കും മകൾക്കും ഒപ്പം വാടകവീട്ടിൽ താമസിക്കവെയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് ഇയാൾ ഗൾഫിലേക്ക് രക്ഷപെടുകയായിരുന്നു.
വാർത്ത പുറംലോകം അറിയുന്നത് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ്. ഈ മാസം 23നാണ് പെൺകുട്ടി വീട്ടിൽ പ്രസവിക്കുന്നത്. അമിത രക്തസ്രാവത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഗർഭിണിയായത് ആരിൽ നിന്നെന്ന് അറിയില്ലെന്നായിരുന്നു പെൺകുട്ടി ആദ്യം മൊഴി നൽകിയത്. പിന്നീട് ഡിഎൻഎ പരിശോധനയിലേക്ക് നീങ്ങുന്നതോടെയാണ് സത്യാവസ്ഥ വെളിപ്പെടുത്തുന്നത്. പോലീസ് പ്രതിയുമായി സംസാരിക്കുകയും എത്രയും പെട്ടന്ന് തന്നെ നാട്ടിൽ എത്തിച്ചേരാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മംഗളൂരു വിമാനത്താവളത്തിൽ എത്തിയ പ്രതി അവിടെനിന്നും ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാവുന്നത്.
വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് പെൺകുട്ടിയെ ഉപദ്രവിച്ചതെന്നും ഒരു പ്രാവശ്യം മാത്രമേ അങ്ങനെ സംഭവിച്ചിട്ടുള്ളൂ എന്നുമാണ് ഇയാൾ മൊഴി നൽകിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയുടെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here