ഒരു കിലോ കടത്തിയാൽ 15 ലക്ഷം ലാഭം! സ്വർണ്ണവില കൂടിയതോടെ പുതിയ തന്ത്രങ്ങളുമായി കള്ളക്കടത്തുകാർ

സ്വർണ്ണവില കുതിച്ചുയരുന്നതോടെ ഇന്ത്യയിലേക്ക് സ്വർണ്ണം കടത്താൻ പുതിയ തന്ത്രങ്ങൾ പയറ്റുകയാണ് കള്ളക്കടത്തുസംഘങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘സ്വർണ്ണ മിശ്രിതം’ അഥവാ ‘ഗോൾഡ് പേസ്റ്റ്’ രൂപത്തിലുള്ള കടത്ത്. കസ്റ്റംസിനെയും ഡിആർഐയെയും (DRI) വെട്ടിച്ച് സ്വർണ്ണം കടത്താൻ ഈ രീതിയാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്.

ശുദ്ധമായ സ്വർണ്ണം ഉയർന്ന താപനിലയിൽ ഉരുക്കി അതിൽ ചില രാസവസ്തുക്കൾ ചേർത്ത് കുഴമ്പ് രൂപത്തിലാക്കുന്നതാണ് ഈ രീതി. കടത്തിക്കൊണ്ടുവന്ന ശേഷം ഈ മിശ്രിതം വീണ്ടും രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി ഏകദേശം 9 മണിക്കൂർ നീളുന്ന പ്രക്രിയയിലൂടെയാണ് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത്.

സാധാരണ മെറ്റൽ ഡിറ്റക്ടറുകൾക്കോ ആധുനിക ബോഡി സ്‌കാനറുകൾക്കോ ഈ മിശ്രിതം കണ്ടെത്താൻ പ്രയാസമാണ്. ലോഹരൂപത്തിലല്ലാത്തതിനാൽ ഇവ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ശരീരത്തിലോ വസ്ത്രത്തിനുള്ളിലോ ബാൻഡുകൾ ഉപയോഗിച്ചോ ഇത് ഒളിപ്പിക്കാൻ എളുപ്പമാണ്. അടുത്തിടെ ചെന്നൈ വിമാനത്താവളത്തിൽ വിമാന ജീവനക്കാരൻ തന്റെ നെഞ്ചിലും അരക്കെട്ടിലും ബാൻഡുകൾക്കുള്ളിൽ 11.4 കോടി രൂപയുടെ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് വലിയ വാർത്തയായിരുന്നു.

ഇന്ത്യയിൽ സ്വർണ്ണത്തിന് വലിയ ആവശ്യക്കാരുണ്ട്. കൂടാതെ വിലയും കൂടുതലാണ്. ഒരു കിലോ സ്വർണ്ണം നികുതി വെട്ടിച്ച് കടത്തിയാൽ ഏകദേശം 15 ലക്ഷം രൂപയിലധികം ലാഭം കിട്ടും എന്നതാണ് കള്ളക്കടത്തുകാരെ ഇതിലേക്ക് ആകർഷിക്കുന്നത്. ദുബായ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രധാനമായും സ്വർണ്ണം എത്തുന്നത്.

സാങ്കേതിക വിദ്യയെക്കാൾ ഉപരിയായി യാത്രക്കാരുടെ പെരുമാറ്റം നിരീക്ഷിച്ചും രഹസ്യവിവരങ്ങൾ ശേഖരിച്ചുമാണ് ഇപ്പോൾ ഇത്തരം കള്ളക്കടത്തുകൾ പിടികൂടുന്നത്. യാത്രക്കാരുടെ യാത്രാ രേഖകളും പെരുമാറ്റത്തിലെ പതർച്ചയും നിരീക്ഷിക്കാൻ ഏജൻസികൾ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ചെന്നൈ, മുംബൈ, ബംഗളൂരു, സൂറത്ത് തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് വലിയ അളവിൽ സ്വർണ്ണ മിശ്രിതം അടുത്തിടെ പിടികൂടിയിട്ടുണ്ട്. കടത്തുരീതികൾ മാറുന്നതനുസരിച്ച് സുരക്ഷാ പരിശോധനകളും ശക്തമാക്കുകയാണ് അധികൃതർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top