183 കോടി ഇമെയിൽ പാസ്‌വേഡുകൾ ചോർന്നു; നിങ്ങളുടെ ജിമെയിൽ സുരക്ഷിതമാണോ? എങ്ങനെ കണ്ടെത്താം

ലക്ഷക്കണക്കിന് ഇമെയിൽ ഉപയോക്താക്കളെ, പ്രത്യേകിച്ച് ഗൂഗിളിന്റെ ജിമെയിൽ ഉപയോക്താക്കളെ, സൈബർ ഭീഷണിക്കിരയാക്കി ഒരു വൻ ഡാറ്റാ ചോർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . സൈബർ സുരക്ഷാ ഗവേഷകനും “Have I Been Pwned” വെബ്സൈറ്റിന്റെ സ്ഥാപകനുമായ ഓസ്‌ട്രേലിയക്കാരൻ ട്രോയ് ഹണ്ട് ആണ് ഈ വലിയ ഡാറ്റാ ചോർച്ച പുറത്തുവിട്ടത്

ഏകദേശം 183 മില്യൺ (18.3 കോടി ) ഇമെയിൽ വിലാസങ്ങളും അവയുടെ പാസ്‌വേഡുകളുമാണ് ചോർന്നതായി റിപ്പോർട്ട് ചെയ്തത്. ഈ മെയിൽ അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നതാണ് ഏറ്റവും ഗുരുതരമായ വസ്തുത. ഗൂഗിളിന്റെ ജിമെയിൽ ഉപയോക്താക്കളെയും ഈ ചോർച്ച ബാധിക്കാൻ സാധ്യതയുണ്ട്.

മാലിഷ്യസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഉണ്ടാക്കിയ ‘സ്റ്റീലർ ലോഗ്‌സ്’ വഴിയാണ് ഈ വിവരങ്ങൾ ചോർന്നത്. ഇൻഫോസ്റ്റീലറുകൾ (Infostealers) എന്നറിയപ്പെടുന്ന ഈ മാൽവെയറുകൾ, കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി ഉപയോക്താക്കൾ വെബ്സൈറ്റുകളിൽ നൽകുന്ന വിവരങ്ങൾ മോഷ്ടിക്കുകയും ലോഗ് ഫയലുകളായി ശേഖരിക്കുകയും ചെയ്യും. ഇമെയിൽ വിലാസം, അതിന്റെ പാസ്‌വേഡ്, ലോഗിൻ ചെയ്ത വെബ്സൈറ്റിന്റെ വിലാസം എന്നിവയാണ് പ്രധാനമായും ചോർന്നത്. എന്നാൽ, ജിമെയിൽ സുരക്ഷാ സംവിധാനങ്ങളെ ചോർച്ച ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും ആണ് ഗൂഗിളിന്റെ വാദം. ഉപയോക്താക്കളുടെ കമ്പ്യൂട്ടറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.

ഇമെയിലുകൾ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഏറ്റവും വിശ്വസനീയമായ മാർഗ്ഗം ‘Have I Been Pwned’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക എന്നതാണ്. ഈ വെബ്സൈറ്റിൽ ഇമെയിൽ വിലാസം നൽകി പരിശോധിക്കാം. ക്രെഡൻഷ്യലുകൾ ചോർന്നതായി കണ്ടെത്തിയാൽ, വെബ്സൈറ്റ് ഒരു ചുവപ്പ് നിറത്തിൽ മുന്നറിയിപ്പ് നൽകും.

ഇങ്ങനെ സൈബർ ആക്രമണങ്ങൾ നടന്നാൽ ഉടൻ തന്നെ താഴെ പറയുന്ന നടപടി സ്വീകരിക്കണം. ചോർന്ന ഇമെയിൽ അക്കൗണ്ടിന്റെയും, അതേ പാസ്‌വേഡ് ഉപയോഗിക്കുന്ന മറ്റ് എല്ലാ ഓൺലൈൻ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ ഉടൻ തന്നെ മാറ്റുക. ടു ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഓൺ ചെയ്യുക, ഇത് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ പാസ്‌വേഡിന് പുറമെ ഒരു അധിക കോഡ് കൂടി ആവശ്യമുള്ളതിനാൽ സുരക്ഷ വർദ്ധിപ്പിക്കും. പാസ്‌വേഡുകൾക്ക് പകരമുള്ളതും കൂടുതൽ സുരക്ഷിതവുമായ പാസ്‌കീ(PASS KEY) സംവിധാനത്തിലേക്ക് മാറാൻ ശ്രമിക്കുക.

ഹാക്കർമാർ നിങ്ങളുടെ ഇമെയിലുകൾ മറ്റെവിടെയെങ്കിലും ഫോർവേഡ് ചെയ്യുന്നതിനായി പുതിയ നിയമങ്ങൾ ചേർത്തിട്ടുണ്ടോ എന്നും പരിശോധിക്കുക. വിവിധ സൈറ്റുകളിൽ ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ചോർന്ന പാസ്‌വേഡ് ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാതിരിക്കുക. നീളം കൂടിയതും ബുദ്ധിമുട്ടുള്ളതുമായ പാസ്‌വേഡുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, പാസ്‌വേഡ് മാനേജർ ഉപയോഗിച്ച് അവ സുരക്ഷിതമായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top