19കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികളിൽ പോലീസ് എമർജൻസി വാഹനത്തിലെ ഡ്രൈവറും

ഛത്തീസ്ഗഡിലെ കോർബയിലാണ് അതിക്രൂരത അരങ്ങേറിയത്. 19കാരിയെ അഞ്ച് പേർ ചേർന്നാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഈ ക്രൂരതയിൽ കൂട്ടുനിന്ന പ്രതികളിൽ ഒരാൾ പോലീസിന്റെ അടിയന്തര സേവന വിഭാഗമായ ‘ഡയൽ 112’ (Dial 112) വാഹനത്തിന്റെ ഡ്രൈവറാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ജനുവരി 8ന് രാത്രി ബാങ്കിമോംഗ്ര പോലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ ഈ സംഭവം നടന്നത്. ഇരയായ പെൺകുട്ടിക്ക് പരിചയമുള്ള അഞ്ച് പ്രതികളിൽ ഒരാൾ പെൺകുട്ടിയെ വിളിച്ചുവരുത്തി വിജനമായ സ്ഥലത്തെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്നാണ് പോലീസിന്റെ എമർജൻസി വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെയുള്ള അഞ്ചുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
പീഡനത്തിന് ശേഷം പെൺകുട്ടിയെ അബോധാവസ്ഥയിൽ ഉപേക്ഷിച്ചാണ് പ്രതികൾ കടന്നുകളഞ്ഞത്. ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിനെ അറിയിക്കുകയും ചെയ്തു.
എമർജൻസി വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പ്രതികളെ പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോർബ എസ്പി സിദ്ധാർത്ഥ് തിവാരി ഇക്കാര്യം സ്ഥിരീകരിച്ചു. ഒളിവിലുള്ള ബാക്കി മൂന്ന് പ്രതികൾക്കായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്. സംരക്ഷണത്തിന് എത്തേണ്ട പോലീസിൻ്റെ സംവിധാനത്തിൽ ജോലി ചെയ്യുന്നവർ തന്നെ ഇത്തരം ക്രൂരകൃത്യങ്ങളിൽ ഏർപ്പെടുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here