SV Motors SV Motors

കണ്ണില്‍ ചോരയില്ലാത്ത ആഡംബരം; കൃഷി മന്ത്രിയുടെ ഓഫീസിനു കോടികള്‍ മുടക്കി സുരക്ഷാ ഉപകരണങ്ങള്‍; ധൂര്‍ത്തിന്റെ ഓര്‍ഡര്‍ ഇറങ്ങുന്നത് നെല്ലിന്റെ വില കിട്ടാതെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത അതേ ദിവസം

തിരുവനന്തപുരം: നെല്ലിന്റെ വിലയായ ഒരു ലക്ഷം കിട്ടാതായതിനെ അമ്പലപ്പുഴയിലെ കൃഷിക്കാരന്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്ന അതേ ദിവസം തന്നെയാണ് കോടികള്‍ മുടക്കി കൃഷിമന്ത്രിയുടെ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സെക്രട്ടറിയേറ്റ് അനക്സ് 2 വിലെ കൃഷിമന്ത്രി പി.പ്രസാദിന്‍റെ ഓഫീസ് അടക്കമുള്ള നാല് മന്ത്രിമാരുടെ ഓഫീസുകള്‍ക്ക് പുതിയ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനാണ് രണ്ടരക്കോടി അനുവദിച്ചത്. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. ശിവന്‍ കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫീസിന്റെ സുരക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്.

അനക്‌സ് -2 വിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താന്‍ പുതിയ സി.സി.റ്റി.വിഅടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് . 2.53 കോടിരൂയ്ക്ക് ഭരണാനുമതി നല്‍കിയത്. കൊച്ചിയിലെ ഇന്‍ഫോകോം എന്ന സ്ഥാപനമാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചത്. ഈ കമ്പനിയ്ക്ക് ആദ്യ ഘട്ടം എന്ന നിലയില്‍ 1,98,72,727 രൂപയാണ് അനുവദിച്ചത്. 5 ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, 2 ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, 101 ക്യാമറകള്‍ ഉള്‍കൊള്ളുന്നതും 6 മാസത്തെ വിവര സംഭരണശേഷിയുള്ളതുമായ നിരീക്ഷണ ക്യാമറ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ അത്യാധുനിക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നെല്ലിന്റെ വില കിട്ടാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ രാജപ്പനെന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ദിവസം തന്നെയാണ് മന്ത്രിമാരുടെ സുരക്ഷക്കായി നിര്‍മ്മിച്ച സി.സി.റ്റി.വി ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് 2.53 കോടി അനുവദിച്ചത്. രാജപ്പനും മകന്‍ പ്രകാശനും ചേര്‍ന്നാണ് നെല്‍കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ കൊടുത്ത നെല്ലിന്റെ വില ഇതുവരെ കിട്ടിയില്ല. രാജപ്പനും മകന്‍ പ്രകാശനും കൂടി സിവില്‍സപ്ലൈസില്‍ നിന്നും 1,14,395 രൂപ കിട്ടാനുണ്ട്. കാന്‍സര്‍ ബാധിതനായ പ്രകാശന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി ഒരുപാട് പണം ചിലവാക്കേണ്ടി വന്നു. ഇതോടെ കുടുംബം സാമ്പത്തിക പ്രയാസത്തിലായി. സിവില്‍സപ്ലൈസില്‍ നിന്നുള്ള നെല്ലിന്റെ പണം കിട്ടാതായതോടെ കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രാജപ്പന്‍. ഞായറാഴ്ചയാണ് വിഷം കഴിച്ച് മരിച്ച നിലയില്‍ രാജപ്പനെ കണ്ടത്.

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോള്‍ കൃഷി ചെയ്ത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top