SV Motors SV Motors

ഹരിയാനയിൽ ബുൾഡോസിങ് തുടരുന്നു; 250 വീടുകൾ ഇടിച്ചു നിരത്തി

ഹരിയാനയിലെ നൂഹിൽ തുടർച്ചയായ മൂന്നാം ദിവസവും ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കൽ തുടർന്ന് ഭരണകൂടം. നൂഹിലെ ചേരിമേഖലയിൽ ഇരുനൂറ്റിയൻപതിലേറെ വീടുകളും കുടിലുകളും അധികൃതർ ബുൾഡോസറുകൾകൊണ്ട് ഇടിച്ചുനിരത്തി. സർക്കാർ സ്ഥലം അനധികൃതമായി കയ്യേറിയെന്ന് ആരോപിച്ചാണു നടപടി. എസ്‌കെഎം ഗവൺമെന്റ് മെഡിക്കൽ കോളേജിന് സമീപമുള്ള കെട്ടിടങ്ങളും കുടിലുകളും പൊളിച്ചു നീക്കിയിട്ടുണ്ട്.

രണ്ട് ഡസനോളം കടകളാണ് പൊളിച്ച് നീക്കിയത്. ഇതിൽ നിരവധി മെഡിക്കൽ സ്റ്റോറുകളും ഉൾപ്പെടുന്നു. കലാപമുണ്ടായ നൂഹിൽ നിന്നും 20 കിലോ മീറ്റർ അകലെയുള്ള തൗരുവിലാണ് ​ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കൽ നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സർക്കാർ ഭൂമിയിലെ കൈയേറ്റമെന്നാരോപിച്ച് വ്യാപകമായി കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങിയത്.

ജൂലൈ 31ന് പ്രദേശത്ത് നടന്ന കലാപത്തിൽ ഉൾപ്പെട്ടവരാണ് ഈ സ്ഥാപനങ്ങളിലെ താമസക്കാരെന്ന് പൊലീസ് വാദം. ഷഹീദ് ഹാസൻ ഖാൻ മേവാത്തി സർക്കാർ മെഡിക്കൽ കോളജിന് സമീപമാണ് ഇന്ന് പൊളിക്കൽ നടക്കുന്നത്. മെഡിക്കൽ കോളജിന് എതിർവശത്തുള്ള കടകളാണ് പൊളിച്ച് നീക്കുന്നത്. ഇതിൽ കൂടുതലും മെഡിക്കൽ ഷോപ്പുകളാണ്. വർഷങ്ങളായി ഇവിടെ നിന്നിരുന്ന കടകളാണ് ഇത്തരത്തിൽ പൊളിക്കുന്നത്.

ബംഗ്ലദേശിൽനിന്ന് അസം വഴി ഇവിടെയെത്തിയവർ താമസിച്ചിരുന്ന സ്ഥലങ്ങളാണിവയെന്ന് അധികൃതർ പറയുന്നു. വർഗീയ സംഘർഷവുമായി ഒഴിപ്പിക്കലിനു ബന്ധമില്ലെന്നും പതിവുനടപടി മാത്രമാണെന്നും നൂഹ് ഡപ്യൂട്ടി കമ്മിഷണർ പ്രശാന്ത് പൻവാർ അവകാശപ്പെട്ടു. അതേസമയം, ബുൾഡോസറും ‘ചികിത്സ’യുടെ ഭാഗമാണെന്നാണ് ആഭ്യന്തരമന്ത്രി അനിൽ വിജ് പിന്നീടു പറഞ്ഞത്. വൈകിട്ടു ഡപ്യൂട്ടി കമ്മിഷണറെ സ്ഥലം മാറ്റുകയും ചെയ്തു.

നൂഹിലെ ജില്ലാ പൊലീസ് മേധാവി വരുൺ സിംഗ്ലയെയും സ്ഥലംമാറ്റി. തിങ്കളാഴ്ച വിഎച്ച്പിയുടെ ബ്രിജ് മണ്ഡൽ ജലാഭിഷേക യാത്രയും തുടർന്ന് വർഗീയ സംഘർഷവുമുണ്ടാകുമ്പോൾ സിംഗ്ല അവധിയിലായിരുന്നു.

സംഘർഷമേഖലകളിൽ സ്ഥിതിഗതികൾ ശാന്തമാണ്. സംഭവങ്ങൾക്കു പിന്നിൽ ഗൂഡാലോചനയില്ലെന്നു പുതിയ എസ്പി നരേന്ദ്ര സിങ് ബിർജാനിയ പറഞ്ഞു. ചിലരുടെ ഇടപെടലുണ്ടെന്ന മന്ത്രി അനിൽ വിജിന്റെ ആരോപണത്തിനു വിരുദ്ധമാണ് എസ്പിയുടെ പ്രതികരണം. ഇതുവരെ 202 പേരെ അറസ്റ്റ് ചെയ്തു. സംഘർഷങ്ങളിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top