യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി പൊലീസുകാർ; അതിക്രമം അമ്മയുടെ കൺമുന്നിൽ

ചെന്നൈ തിരുവണ്ണാമലയിലാണ് 25കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കോൺസ്റ്റബിൾമാരായ ഡി സുരേഷ് രാജ്, പി സുന്ദർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ മുന്നിലാണ് കണ്ണിൽ ചോരയില്ലാത്ത അതിക്രമം നിയമപാലകർ നടത്തിയത്.
ആന്ധ്ര സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. തിങ്കളാഴ്ച രാത്രി ആന്ധ്രപ്രദേശിൽ നിന്ന് തിരുവണ്ണാമലയിലെ അരുണാചലേശ്വർ ക്ഷേത്രത്തിൽ എത്തിയതായിരുന്നു അമ്മയും മകളും. പഴങ്ങൾ കൊണ്ടുപോയ വാഹനത്തിലായിരുന്നു ഇവർ വന്നത്. വഴി മധ്യേ വാഹന പരിശോധന നടത്തിയ പൊലീസുകാർ ഇരുവരെയും കണ്ടതോടെ വാഹനം തടഞ്ഞു.
പിന്നീട് വാഹനം പറഞ്ഞു വിട്ട ശേഷം രണ്ടു പേരെയും വലിച്ചിഴച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അമ്മയെ മർദ്ദിച്ച ശേഷമാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. ബോധം നഷ്ടപ്പെട്ട ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
വ്യാപക പ്രതിഷേധം ഉയർന്നതോടെ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്നും, പിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചു. പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിയും പ്രതികരിച്ചിരുന്നു. സർക്കാർ ലജ്ജിക്കണം, പൊലീസിൽ നിന്ന് രക്ഷപ്പെടാൻ സ്ത്രീകൾ ഒളിച്ചോടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here