ഭണ്ഡാരകൊള്ളയിൽ നഷ്ടമായത് രണ്ട് ജീവൻ; സുരക്ഷാ ജീവനക്കാരെ വെട്ടിക്കൊന്നു

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ രാജപാളയത്തിനടുത്തുള്ള ക്ഷേത്രത്തിലെ മോഷണശ്രമത്തിനിടെ രണ്ട് സുരക്ഷാ ജീവനക്കാർ വെട്ടേറ്റ് മരിച്ചു. ക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാനുള്ള ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെൻ്റ്‌സ് (HR&CE) വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാച്ചടൈ തവിർത്തു അരുളിയസ്വാമി ക്ഷേത്രത്തിലെ രാത്രികാല സുരക്ഷാ ജീവനക്കാരായിരുന്ന 60കാരനായ പേച്ചിമുത്തു, 50കാരനായ ശങ്കർ പാണ്ഡ്യൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പകൽ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന മൂന്നാമത്തെ ഗാർഡായ മാടസാമി രാവിലെ 6മണിയോടെ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ദാരുണ സംഭവം കണ്ടത്.
ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലെ ചെറിയ ഗേറ്റ് തുറന്നു കിടന്ന നിലയിലായിരുന്നു. അകത്ത് പ്രവേശിച്ചപ്പോൾ രണ്ട് സുരക്ഷാ ജീവനക്കാരും വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ക്ഷേത്രത്തിലെ ഭണ്ഡാരം തകർക്കാൻ ശ്രമിച്ചതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മാടസ്വാമി ഉടൻ തന്നെ ക്ഷേത്രം അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് നായ്ക്കളും സ്ഥലത്തെത്തി.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചു അന്വേഷണം നടക്കുകയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതികളെ പിടികൂടാതെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്ന് പറഞ്ഞ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിച്ചു. തുടർന്ന്, മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here