മുംബൈ ട്രെയിന്‍ സ്ഫോടന കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ടു; തെളിവില്ലെന്ന് ഹൈക്കോടതി..

189 പേർ കൊല്ലപ്പെട്ട 2006ലെ മുംബൈ സ്ഫോടങ്ങളുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. വിചാരണ കോടതി വധശിക്ഷയടക്കം വിധിച്ച പ്രതികളാണ് കുറ്റവിമുക്തരായത്. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടന്നാണ് കോടതിയുടെ നിരീക്ഷണം. സംഭവം നടന്ന് 19 വർഷത്തിന് ശേഷമാണ് പ്രതികൾ കുറ്റവിമുക്തരാകുന്നത്.

2015ലാണ് വിചാരണ കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 12 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 5 പ്രതികൾക്ക് വധശിക്ഷയും ഏഴ് പേർക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ. എന്നാൽ പ്രോസിക്യൂഷൻ പ്രതികളെ ശിക്ഷിക്കാൻ ഉപയോഗിച്ച തെളിവുകൾ ശക്തമല്ല, എന്നാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെതാണ് ഉത്തരവ്.

പ്രോസിക്യൂഷന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികൾ കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ കഴിയില്ല. സാക്ഷിമൊഴികളും വിശ്വാസയോഗ്യമല്ല. വർഷങ്ങൾ കഴിഞ്ഞ് പ്രതികളെ തിരിച്ചറിഞ്ഞെന്ന് പറയുന്നതും സംശയകരമാണ്. അതിനാൽ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയും ആണെന്നാണ് രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്. പ്രതികൾക്കെതിരെ മറ്റു കേസുകൾ ഒന്നും ഇല്ലെങ്കിൽ ഉടൻ തന്നെ ഇവരെ വിട്ടയക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

2006 ജൂലൈ 11ന് വൈകീട്ട് ആറരയോടെയാണ് സബര്‍ബന്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. വെസ്റ്റേണ്‍ ലൈനില്‍ മാട്ടുംഗയ്ക്കും മീരാഭയന്തറിനും ഇടയില്‍ സഞ്ചരിക്കുകയായിരുന്ന ട്രെയിനുകളുടെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്‌മെന്റുകളില്‍ ഏഴ് തവണ സ്‌ഫോടനം ഉണ്ടായി. 189 പേർ മരിക്കുകയും 800ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top