അസമിൽ നടന്നത് 2,200 കോടിയുടെ ഓൺലൈൻ തട്ടിപ്പ്; വലയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി
പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിൽ വൻ സാമ്പത്തിക തട്ടിപ്പ്. സംസ്ഥാനത്ത് ഒട്ടാകെ 2,200 കോടിരൂപയുടെ തട്ടിപ്പ് നടന്നതായി അസം പോലീസ് അറിയിച്ചു. സെബിയുടെയോ ആർബിഐയുടെയോ മാർഗനിർദേശങ്ങൾ പാലിക്കാതെ നിരവധി ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ അസമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധകളിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവന്നത്.
നാല് വ്യാജ കമ്പനികൾ രൂപീകരിച്ച് കോടികൾ തട്ടിയെടുത്ത രണ്ടു പേരെ അസം പോലീസ് അറസ്റ്റ് ചെയ്തു. ദിബ്രുഗഡ് സ്വദേശി വിശാൽ ഫുകാൻ, ഗുവാഹത്തി സ്വദേശി സ്വപ്‌നിൽ ദാസ് എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതിയായ കൊറിയോഗ്രാഫർ സുമി ബോറ ഒളിവിലാണ്. കുറഞ്ഞ കാലയളവിൽ കൂടുതൽ പണം സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പു സംഘം നിക്ഷേപകരെ വലയിലാക്കുന്നത്. 60 ദിവസത്തിനുള്ളിൽ നിക്ഷേപത്തിന് 30 ശതമാനം വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പെന്ന് പോലീസ് പറഞ്ഞു.
വിശാൽ ഫുകൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കോടികള്‍ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. ഇതുപോലെയുള്ള നിരവധി സംഘങ്ങളുണ്ടെന്നും അവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പണം എന്ന വ്യാജ വാഗ്ദാനങ്ങള്‍ നൽകുന്ന ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത ഓൺലൈൻ വ്യാപാരത്തിനെതിരെ പോലീസ് കർശന നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here