കണക്കില്ലാതെ പാറപൊട്ടിച്ചു വിറ്റ താമരശ്ശേരി മെത്രാനും കൂട്ടർക്കും 25 ലക്ഷം പിഴ; ഹൈക്കോടതി ഇടപെടൽ കാരണം ഒത്തുതീർപ്പിന് കഴിയാതെ സർക്കാരും

സിറോ മലബാർ സഭയുടെ കീഴിലുള്ള താമരശ്ശേരി രൂപതാ ബിഷപ്പിൻ്റെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിവക ഭൂമിയിൽ അനധികൃത പാറ ഖനനം സ്ഥിരീകരിച്ച് സംസ്ഥാന വ്യവസായ വകുപ്പ്. 25 ലക്ഷം രൂപ പിഴ അടയ്ക്കാനുള്ള ജിയോളജി വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതോടെ ഉത്തരവിറങ്ങി. കാത്തലിക് ലേമെന്‍ അസോസിയേഷൻ സെക്രട്ടറി എം എൽ ജോർജ് ഹൈക്കോടതിയില്‍ നൽകിയ ഹര്‍ജിയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ക്രമക്കേട് സ്ഥിരീകരിച്ചത്.
പള്ളിവക ഭൂമിയിലെ രണ്ട് ക്വാറികളിലായി 2002 മുതല്‍ 2010 വരെ 61,900.33 ഘനമീറ്റര്‍ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തി. ഇക്കാലത്ത് ക്വാറിക്ക് അനുമതി ഉണ്ടായിരുന്നു, എന്നാല്‍ ഖനനം ചെയ്ത 3200 ഘനമീറ്റര്‍ കല്ലിന് മാത്രമാണ് റോയല്‍റ്റി അടച്ചത്. ബാക്കി 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിൻ്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെതിരെ പുഷ്പഗിരി പള്ളി വികാരി, വ്യവസായ വകുപ്പിന് നൽകിയ അപ്പീൽ തളളിക്കൊണ്ടാണ് 23,53,013 രൂപ പിഴയൊടുക്കാൻ ഉത്തരവായത്.
Also Read: അൻവറിനൊപ്പം കത്തോലിക്ക സഭയും; കർഷകരെ ഇറക്കി പ്രതിരോധിക്കുമെന്ന് താമരശേരി ബിഷപ്പ്
കൂടരഞ്ഞി വില്ലേജിൽ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റില്‍ ഫ്ലവര്‍ പള്ളിവക ഭൂമിയിൽ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെന്‍ അസോസിയേഷൻ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തി. എന്നാൽ ഇടവകയിലെ കെട്ടിടങ്ങളുടെ പണിക്കായി നിയമപരമായി അനുവാദം വാങ്ങിയ ഖനനം മാത്രമാണ് നടത്തിയത് എന്നായിരുന്നു രൂപതയുടേയും ഇടവകയുടേയും നിലപാട്.
ഭൂമി വികാരിയുടെ പേരിലാണ്. പള്ളികളുടെ മൊത്തം ചുമതലക്കാരൻ എന്ന നിലയിലാണ് ബിഷപ്പിനും പിഴയിട്ടത്. ആവശ്യമായ പരിശോധനകൾ നടത്താത്തത് കാരണമാണ് അനധികൃതമായി ഖനനം കണ്ടെത്താതെ പോയതെന്നും, അതിന് കാരണം 2002 മുതൽ 2010 വരെയുള്ള കാലയളവിൽ അവിടെ ജോലി ചെയ്ത മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരുടെയും റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും തിരുവമ്പാടി പോലിസിൻ്റെയും കൃത്യവിലോപമാണെന്ന് സർക്കാർ ഉത്തരവിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here