അശ്ലീലം തന്നെ വിഷയം; യെസ്‌മക്ക് പിന്നാലെ 25 OTT പ്ലാറ്റ്‍ഫോമുകൾക്ക് കൂടി നിരോധനം

മലയാളത്തിലെ ആദ്യ അഡൾട്ട് ഒൺലി ഒടിടി പ്ലാറ്റ്‍ഫോമായ യെസ്മയ്ക്ക് കേന്ദ്ര സർക്കാരിർ പൂട്ടിട്ടത് കഴിഞ്ഞ വർഷമാണ്. അശ്ലീല ഉള്ളടക്കങ്ങൾ നിറഞ്ഞതും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമായ 25 ഒടിടി പ്ലാറ്റ്ഫോമുകൾ കൂടി നിരോധിക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഇവയിലേക്ക് പൊതുജനങ്ങൾക്കുള്ള ആക്‌സസ് തടയാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം ഇന്റർനെറ്റ് സേവന ദാതാക്കളോട് നിർദ്ദേശിക്കുകയായിരുന്നു. ULLU, Big Shots App, ALTT, DesiFlix തുടങ്ങിയ ഒടിടികളാണ് നിരോധിക്കുന്നത്. അശ്ലീല ഉള്ളടക്കമുള്ള 25 അശ്ലീല ഒടിടി പ്ലാറ്റ്‍ഫോമുകൾക്കാണ് നിരോധനം ബാധകമാകുന്നത്.
രാജ്യത്തെ ഐടി നിയമങ്ങളും നിലവിലുള്ള അശ്ലീലത വിരുദ്ധ നിയമങ്ങളും ലംഘിച്ച് ഈ പ്ലാറ്റ്‌ഫോമുകൾ ‘സോഫ്റ്റ് പോൺ’ വിഭാഗത്തിൽപെട്ട ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ‘ഇറോട്ടിക് വെബ് സീരീസ്’ എന്ന പേരിൽ അശ്ലീല വീഡിയോകൾ ഈ പ്ലാറ്റ്‍ഫോമുകളിൽ പ്രദർശിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികളും റിപ്പോർട്ടുകളും സർക്കാരിന് ലഭിച്ചിരുന്നു.
ഏപ്രിലിൽ, ഒടിടിയിലും സോഷ്യൽ മീഡിയയിലും ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ആപ്ലിക്കേഷനുകൾ, ഐഎസ്‌പികൾ തുടങ്ങിയവയ്ക്കു നേരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
നിരോധനം പ്രാബല്യത്തിലുണ്ടെങ്കിലും ഇത്തരം ഒടിടി പ്ലാറ്റ്‍ഫോമുകളുടെ പ്രവർത്തനം സജീവമാണ്. യെസ്മ ഉൾപ്പെടെയുള്ളവ മറ്റ് പ്ലാറ്റ്ഫോമുകൾ വഴി ഇത്തരം ദൃശ്യങ്ങൾ ആളുകളിലേക്ക് എത്തിക്കുന്നത് പലപ്പോഴും കണ്ടെത്തിയിട്ടുണ്ട്. നിരോധനം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്ന നടപടിയിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here