റോഡപകടത്തിൽ സഹായിച്ചാൽ 25,000 പ്രതിഫലം; ജീവരക്ഷാപദ്ധതിയുമായി കേന്ദ്രം

റോഡപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നവർ ഇനി ‘രഹ്-വീർ’ (പാതയിലെ വീരൻ ) എന്ന പദവിക്ക് അർഹരാകും. മാത്രമല്ല 25,000 രൂപ പ്രതിഫലവും സർക്കാരിന്റെ പ്രശസ്തി പത്രവും നൽകുന്ന പദ്ധതിയാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ 7 ദിവസം അല്ലെങ്കിൽ 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ റോഡപകടങ്ങളുടെ വർദ്ധനവിൽ ആശങ്ക രേഖപ്പെടുത്തി ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഓരോ വർഷവും 5 ലക്ഷം റോഡപകടങ്ങൾ നടക്കുന്നു. ഇതിൽ 1.8 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. ഇതിൽ 66 ശതമാനവും 18 നും 34 നും ഇടയിൽ പ്രായമുള്ള യുവാക്കളാണെന്നത് അതീവ ഗൗരവത്തോടെയാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. അപകടം നടന്ന് ആദ്യത്തെ 60 മിനിറ്റിനുള്ളിൽ പരിക്കേറ്റവരെ ആശുപത്രിയിലോ ട്രോമ കെയർ സെന്ററിലോ എത്തിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 25,000 രൂപയും ‘രഹ്-വീർ’ എന്ന ബഹുമതിയുമാണ് നൽകുക. ഈ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കിയാൽ ജീവൻ രക്ഷിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സഹായിക്കാൻ മുന്നോട്ട് വരുന്നവരെ പോലീസ് ചോദ്യം ചെയ്യുന്നതോ കോടതിയിൽ ഹാജരാകാൻ നിർബന്ധിക്കുന്നതോ ആയ നടപടികൾ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. സഹായിക്കുന്ന വ്യക്തിയുടെ സ്വകാര്യതയും സുരക്ഷയും നിയമപരമായി സംരക്ഷിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. അപകടം നടന്നാൽ 10 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തുന്ന രീതിയിൽ അത്യാധുനിക ആംബുലൻസ് ശൃംഖലയും ഏകീകൃത ഹെൽപ്‌ലൈനും സജ്ജമാക്കും.

റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുക. നിയമപരമായ നൂലാമാലകളെ പേടിച്ച് അപകടം നടന്ന സ്ഥലത്ത് നിന്ന് ആളുകൾ മാറിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുക. അപകടത്തിൽപ്പെടുന്നവർക്ക് അടിയന്തര ചികിത്സയും സാമ്പത്തിക സഹായവും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുക. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയാൽ മാത്രം ഇന്ത്യയിൽ ഓരോ വർഷവും 50,000 പേരുടെ ജീവൻ രക്ഷിക്കാനാകുമെന്ന് എയിംസിന്റെ പഠനത്തെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.

കേന്ദ്ര ഗതാഗത മന്ത്രാലയമാണ് തുക നിശ്ചയിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കി വരികയാണ്. ഉത്തർപ്രദേശിൽ ഇതിനോടകം തന്നെ ഈ തുക നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തെലങ്കാന ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച നടപടികൾ വേഗത്തിലാക്കി വരികയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top