മൂന്ന് അടി ഉയരത്തിൽ ചരിത്രം എഴുതിയ ഡോക്ടർ; അടിച്ചമർത്തിയ സ്വപ്നങ്ങൾ തിരിച്ചുപിടിച്ച കഥ

ഗുജറാത്തിലെ ഗണേഷ് ബരയ്യ ഇന്ന് എല്ലാവർക്കും മാതൃകയാണ്. വെറും മൂന്ന് അടി ഉയരവും 20 കിലോയില്‍ താഴെ ഭാരവും മാത്രമുള്ള മനുഷ്യൻ. ഡ്വാർഫിസവും 72% ലോക്കോമോട്ടീവ് വിഭാഗത്തിലുള്ള വൈകല്യവും ഉണ്ടായിട്ടും മെഡിക്കൽ പഠനം നേടാനുള്ള സ്വപ്നം അദ്ദേഹം വിട്ടുകൊടുത്തില്ല.
2018ൽ എംബിബിഎസ് പ്രോഗ്രാമിലേക്ക് ഉയരം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI) അദ്ദേഹത്തെ നിരസിച്ചിരുന്നു. ഡോക്ടറുടെ ജോലിയ്ക്ക് ആവശ്യമായ ചില പ്രവർത്തനങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടാകുമെന്നായിരുന്നു എംസിഐയുടെ വാദം.
എന്നാൽ ഭാവനഗർ ജില്ലയിലെ കർഷക കുടുംബത്തിൽപ്പെട്ട ഗണേഷ് സ്വപ്നം വിട്ടുകളയാൻ തയാറായില്ല. തുടർന്ന് നിയമപോരാട്ടം ആരംഭിച്ചു. ഹൈക്കോടതി അപേക്ഷ തള്ളിയെങ്കിലും അദ്ദേഹം സുപ്രീം കോടതിയിൽ പോകാൻ തീരുമാനിച്ചു.നാല് മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷം സുപ്രീം കോടതി ‘ഉയരം കാരണം പ്രവേശനം നിഷേധിക്കരുത്’ എന്ന് പറഞ്ഞതോടെ ഗണേഷിന് പഠിക്കാനുള്ള വഴി തുറന്നു.
2019ൽ ഭാവനഗർ മെഡിക്കൽ കോളേജിൽ ചേർന്ന അദ്ദേഹം പഠനവും ഇന്റേൺഷിപ്പും പൂർത്തിയാക്കി ഡോക്ടറായി ഇപ്പോൾ ആളുകളെ ചികിത്സിക്കുന്നു. ആദ്യം രോഗികൾ തന്റെ ഉയരം കണ്ട് അത്ഭുതപ്പെട്ടെങ്കിലും പിന്നീട് എല്ലാവരും സൗഹൃദത്തോടെ പെരുമാറി. ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ ചികിത്സിക്കുകയാണ് ലക്ഷ്യമെന്നും ഗണേഷ് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും സ്വപ്‌നങ്ങൾ നേടിയെടുത്ത ഗണേഷ് ബരയ്യയുടെ ജീവിതം ഇന്ന് എല്ലാവർക്കും പ്രചോദനമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here