300 തെരുവുനായ്ക്കളെ വിഷം കുത്തിവെച്ച് കൊന്നു; 9 പേർക്കെതിരെ കേസ്

തെലങ്കാനയിൽ മുന്നൂറോളം തെരുവുനായ്ക്കളെ കൂട്ടക്കൊല ചെയ്തതായി വിവരം. ശായംപേട്ട്, ആരേപ്പള്ളി ഗ്രാമങ്ങളിലാണ് ഈ ക്രൂരത നടന്നത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും നായ്ക്കളെ കൊന്നൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഗ്രാമപഞ്ചായത്ത് ഗ്രാമത്തലവൻ ഉൾപ്പടെ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു.
നായ്ക്കളെ പിടികൂടാൻ പ്രത്യേക ആളുകളെ വാടകയ്ക്കെടുത്ത് വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. ജനുവരി 6 മുതൽ 9 വരെയുള്ള ദിവസങ്ങളിലായിരുന്നു സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരമാണ് നായ്ക്കളെ കൊന്നതെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഇതൊരു പ്രധാന ചർച്ചാവിഷയമായിരുന്നു.
മൃഗക്ഷേമ പ്രവർത്തകരായ അദുലാപുരം ഗൗതം, ഫർസാന ബീഗം എന്നിവർ നൽകിയ പരാതിയെത്തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കൊല്ലപ്പെട്ട നായ്ക്കളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് വിഷം കുത്തിവെച്ചതാണെന്ന് സ്ഥിരീകരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് പകരം വന്ധ്യംകരണം, വാക്സിനേഷൻ തുടങ്ങിയ ശാസ്ത്രീയ മാർഗങ്ങൾ നടപ്പിലാക്കണമെന്ന് മൃഗക്ഷേമ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here