വെളുത്ത കോട്ടിനുള്ളിൽ ഒളിച്ച തീവ്രവാദം! 350 കിലോ സ്ഫോടക വസ്തുക്കളുമായി ഡോക്ടർമാർ പിടിയിൽ

ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് വൻ സ്ഫോടക വസ്തു കണ്ടെത്തിയത്. ജമ്മു കശ്മീർ പൊലീസും ഹരിയാന പൊലീസും ചേർന്നു നടത്തിയ ഓപ്പറേഷനിലാണ് ഈ സുപ്രധാന കണ്ടെത്തൽ. ഏകദേശം 350 കിലോ സ്ഫോടകവസ്തുക്കൾ, അസോൾട്ട് റൈഫിൾ, 20 ടൈമറുകൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, ഒരു വാക്കി ടോക്കി സെറ്റ് എന്നിവയും പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നിന്നുള്ള രണ്ട് ഡോക്ടർമാരെ അറസ്റ്റ് ചെയ്തു. ഡോ ആദിൽ അഹമ്മദ് റാഥർ, ഡോ മുജമ്മിൽ ഷക്കീൽ എന്നിവരാണ് പിടിയിലായത്. ശ്രീനഗറിൽ തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിനെ (JeM) പിന്തുണക്കുന്ന പോസ്റ്ററുകൾ പതിച്ചതിന് ആദിലിനെ നേരത്തെ ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് പിടികൂടിയിരുന്നു. മുജമ്മിൽ പുൽവാമ സ്വദേശിയാണ്. സ്ഫോടകവസ്തുക്കളും ആയുധങ്ങളും ഇയാളുടെ അടുത്താണ് സൂക്ഷിച്ചിരുന്നത് എന്നാണ് റിപ്പോർട്ട്. ഫരീദാബാദിലെ അൽ-ഫലാഹ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.
ശ്രീനഗറിൽ JeMനെ പിന്തുണക്കുന്ന പോസ്റ്ററുകൾ കണ്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് ഡോ ആദിലിനെ തിരിച്ചറിഞ്ഞത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഫരീദാബാദിലെ സ്ഫോടകവസ്തുക്കളുടെ വിവരങ്ങൾ ലഭിച്ചത്. ഇയാൾ കഴിഞ്ഞ വർഷം വരെ ജോലി ചെയ്തിരുന്ന അനന്ത്‌നാഗ് സർക്കാർ മെഡിക്കൽ കോളേജിലെ ലോക്കറിൽ നിന്ന് പൊലീസ് AK-47 റൈഫിളും വെടിക്കോപ്പുകളും നേരത്തെ പിടിച്ചെടുത്തിരുന്നു.
എന്നാൽ, ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ തലസ്ഥാനത്തിന് അടുത്ത് എത്തിച്ചതിൻ്റെ ഉദ്ദേശ്യം എന്താണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസമുള്ളവരെ പോലും തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു എന്നതിൻ്റെ സൂചനയാണ് ഇതോടെ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here