ലോകത്തെ ഞെട്ടിച്ച യുവ കോടീശ്വരന്മാർ; പാരമ്പര്യമായി കിട്ടിയതല്ല, സ്വയം നേടിയെടുത്തത്..

ലോകത്തെ ഏറ്റവും വിജയകരമായ 40 വയസ്സിൽ താഴെയുള്ള സ്വയം സംരംഭകരുടെ പട്ടിക (Forbes 40 under 40) ഫോർബ്സ് പുറത്തിറക്കി. സാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യം, എഐ എന്നീ മേഖലകളിൽ വിപ്ലവം സൃഷ്ടിച്ച യുവതാരങ്ങളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തവണ നാല് ഇന്ത്യൻ വംശജരാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്. ഇവരുടെ ആകെ ആസ്തി ഏകദേശം 92,000 കോടിയാണ്.
സെറോദയുടെ (Zerodha) സഹസ്ഥാപകനായ നിഖിൽ കാമത്താണ് ഇന്ത്യയിൽ നിന്ന് ഈ പട്ടികയിൽ ഇടംപിടിച്ച ഏക വ്യക്തി. 39 വയസുള്ള നിഖിൽ ഏകദേശം 27,000 കോടി ആസ്തിയുമായി 20-ാം സ്ഥാനത്താണ്. ഓഹരി വിപണിയിൽ നിക്ഷേപം എളുപ്പമാക്കിയ ബംഗളൂരു ആസ്ഥാനമായ സെറോദ (Zerodha) എന്ന കമ്പനിയുടെ സഹസ്ഥാപകനാണ് ഇദ്ദേഹം. 2010ൽ സഹോദരൻ നിതിൻ കാമത്തിനൊപ്പമാണ് അദ്ദേഹം കമ്പനി തുടങ്ങിയത്. നിലവിൽ ‘WTF is’ എന്ന പോഡ്‌കാസ്റ്റിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്.
ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന 35കാരനായ അങ്കുർ ജെയിൻ പട്ടികയിൽ 19-ാം സ്ഥാനത്താണ്. ഏകദേശം 28,400 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തി. വീട് വാടകയ്ക്ക് നൽകുന്നവർക്കായി റിവാർഡ് നൽകുന്ന ‘ബിൽറ്റ് റിവാർഡ്‌സ്’ (Bilt Rewards) എന്ന പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.
22 വയസുള്ള ആദർശ് ഹിരേമത്, സൂര്യ മിധ എന്നിവർ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരാണ്. പട്ടികയിൽ 27-ാം സ്ഥാനത്തുള്ള ഇരുവരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പായ ‘മെർക്കോർ’ (Mercor) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകരാണ്. സിലിക്കൺ വാലിയിലെ എഐ ലാബുകളെ സഹായിക്കുന്ന ഈ സ്ഥാപനം 2023ലാണ് തുടങ്ങിയത്. ഇരുവർക്കും 1,800 കോടിയിലേറെ സമ്പാദ്യമുണ്ട്.
ഈ പട്ടികയിലുള്ളവരുടെ പ്രത്യേകത, ഇവർ പാരമ്പര്യമായി സ്വത്ത് കിട്ടിയവരല്ല എന്നതാണ്. സ്വന്തം ആശയങ്ങളും കഠിനാധ്വാനവും ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തവരാണ് ഇവർ. സാങ്കേതിക വിദ്യയിലൂടെ ലോകം കീഴടക്കുന്ന ഈ നാല് ഇന്ത്യൻ വംശജരുടെയും ആകെ ആസ്തി 92,000 കോടിയാണ്. സ്വന്തം അധ്വാനത്തിലൂടെ കോടീശ്വരന്മാരായ ഇവരുടെ നേട്ടം യുവതലമുറയ്ക്ക് വലിയ പ്രചോദനം തന്നെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here