രക്തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി ബാധ; സംശയനിഴലിൽ ബ്ലഡ് ബാങ്കുകൾ

മധ്യപ്രദേശിലെ സത്ന ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച തലാസീമിയ രോഗികളായ നാല് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചതായി സ്ഥിരീകരിച്ചു. നാല് മാസം മുൻപ് നടന്ന സംഭവം അടുത്തിടെയാണ് പുറത്തുവന്നത്.

ഹീമോഗ്ലോബിൻ ഉത്പാദനത്തിന് കാരണമാകുന്ന പാരമ്പര്യ രക്തരോഗമാണ് തലാസീമിയ. ജീവൻ നിലനിർത്താൻ സ്ഥിരമായി രക്തം കയറ്റേണ്ട ആവശ്യമുണ്ട്. പതിവ് ചികിത്സയുടെ ഭാഗമായി പലതവണ രക്തം സ്വീകരിച്ചവരാണ് ഈ 4 കുട്ടികളും. പിന്നീട് നടത്തിയ പരിശോധനകളിലാണ് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ബ്ലഡ് ബാങ്കിൽ നിന്ന് നൽകിയ മലിനമായ രക്തത്തിലൂടെയാണ് അണുബാധയുണ്ടായതെന്നാണ് കുടുംബങ്ങൾ ആരോപിക്കുന്നത്.

രക്തം കയറ്റുന്നതിന് മുൻപ് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങൾക്കായി പരിശോധന നിർബന്ധമാണ്. ഒന്നുകിൽ രക്ത യൂണിറ്റുകൾ ശരിയായ രീതിയിൽ പരിശോധിച്ചിട്ടില്ല, അല്ലെങ്കിൽ രോഗബാധയുടെ പ്രാരംഭ ഘട്ടം കണ്ടെത്താൻ കഴിയാത്ത നിലവാരം കുറഞ്ഞ ടെസ്റ്റിംഗ് കിറ്റുകളാണ് അന്ന് ഉപയോഗിച്ചത് എന്നാണ് വിലയിരുത്തൽ. ഈ കുട്ടികൾ സത്നയിൽ നിന്ന് മാത്രമല്ല, രേവയിലെയും സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലെയും ആശുപത്രികളിൽ നിന്നും രക്തം സ്വീകരിച്ചിട്ടുണ്ട്. ഇത് അണുബാധയുടെ കൃത്യമായ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുന്നുണ്ട്.

എച്ച്ഐവി കേസുകൾ കണ്ടെത്തിയ ഉടൻ തന്നെ ദാതാക്കളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ, തെറ്റായ മൊബൈൽ നമ്പറുകളും, അപൂർണ്ണമായ വിലാസങ്ങളും, കാലഹരണപ്പെട്ട രേഖകളും കാരണം ദാതാക്കളെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നാണ് വിവരം. ഇതുവരെ 50 ശതമാനം ദാതാക്കളെ മാത്രമേ തിരിച്ചറിയാനും ബന്ധപ്പെടാനും സാധിച്ചിട്ടുള്ളൂ. അവരിൽ ആർക്കും രോഗബാധയുള്ളതായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

തലാസീമിയ രോഗികൾക്ക് കൂടെക്കൂടെ രക്തം കയറ്റേണ്ടി വരുന്നത് രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ് ബ്ലഡ് ബാങ്ക് ഇൻചാർജ് ആയ ഡോ ദേവേന്ദ്ര പട്ടേൽ പറയുന്നത്. ആദ്യം ഈ കുട്ടികൾക്ക് എച്ച്ഐവി നെഗറ്റീവ് ആയിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് പോസിറ്റീവായത്. നേരത്തെ ‘റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ’ ആയിരുന്നു ഉപയോഗിച്ചിരുന്നത്. നിലവിൽ ‘എലൈസ (ELISA) ടെസ്റ്റാണ്’ ഉപയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എലൈസ ടെസ്റ്റിന് 20 മുതൽ 90 ദിവസം വരെയാണ് രോഗം നിർണയിക്കാനുള്ള സമയം. എന്നാൽ, ഈ സമയത്തിനുള്ളിൽ എച്ച്ഐവി അണുബാധ കണ്ടെത്തിയെന്ന് വരില്ല. നാല് കുട്ടികളുടെയും രക്ഷിതാക്കളെ പരിശോധിച്ചതിൽ അവർക്ക് എച്ച്ഐവി നെഗറ്റീവ് ആണെന്നും അഅദ്ദേഹം പറഞ്ഞു. സംഭവം വളരെ ഗൗരവമായി കണ്ട് സത്ന കളക്ടർ ഡോ സതീഷ് കുമാർ എസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. രക്തം എടുക്കുന്നതും, പരിശോധിക്കുന്നതും, സൂക്ഷിക്കുന്നതും, രേഖകൾ വെക്കുന്നതും ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top