200 സൈക്കിള്‍ പമ്പുകളിലായി 24 കിലോ കഞ്ചാവ്; പശ്ചിമബംഗാള്‍കാർ നാലുപേർ നെടുമ്പാശേരിയിൽ പിടിയിൽ

ഒഡീഷയിൽ നിന്ന് ട്രെയിനിൽ 200 സൈക്കിൾ പമ്പുകൾ കോയമ്പത്തൂരിലേക്ക്. അവിടെ ഇറക്കി ബസിൽ അങ്കമാലിയിലേക്ക്. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ കൊച്ചി കാക്കനാട്ടേക്ക്. പശ്ചിമബംഗാൾ സ്വദേശികളായ നാലുപേർ ചേർന്ന് കേരളത്തിലേക്ക് ലഹരിയെത്തിക്കാൻ കണ്ടെത്തിയ പുതുവഴിയാണ് ഇത്.

സൈക്കിള്‍ പമ്പ് വില്‍പ്പനക്കാരെന്ന വ്യാജേനയാണ് നാലംഗസംഘം യാത്ര ചെയ്തത്. ഈ പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. ഒഡീഷയില്‍ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ എന്ന കണക്കിൽ വാങ്ങിയ ചരക്ക്, കൊച്ചിയിൽ എത്തിച്ച് പത്തിരട്ടി വിലക്ക് ചില്ലറയായി വിൽക്കാനായിരുന്നു പരിപാടി.

അങ്കമാലിയിൽ നിന്ന് പമ്പുകളുമായി ഓട്ടോറിക്ഷയിൽ പോയ സംഘത്തെ പോലീസ് തടഞ്ഞു പരിശോധിച്ചതോടെയാണ് കടത്ത് പൊളിഞ്ഞത്. പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ റാഖിബുല്‍ മൊല്ല (21), സിറാജുല്‍ മുന്‍ഷി (30), റാബി(42), സെയ്ഫുല്‍ ഷെയ്ഖ് (36) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശേരി എസ്ഐ, എംഎഎസ് സാബുജിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ തേടിയെത്തിയത്. പുലർച്ചെ ഒന്നരയോടെയാണ് സംഘം പിടിയിലായത്. മുൻപും ഇതേ മാർഗത്തിൽ ഇവർ ലഹരി കടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top