മദ്രസയിൽ പൂട്ടിയിട്ട നിലയിൽ 40 പെൺകുട്ടികൾ; കണ്ടെത്തിയത് ടോയ്‌ലെറ്റിൽ നിന്ന്

ഉത്തർപ്രദേശിലെ മദ്രസയുടെ ടോയ്‌ലറ്റിൽ നിന്ന് കണ്ടെത്തിയത് 40 പെൺകുട്ടികളെ. ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് പൂട്ടിയിട്ട ടോയ്‌ലറ്റിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കണ്ടെത്തിയത്. രജിസ്‌ട്രേഷൻ ഇല്ലാത്ത മദ്രസയാണെന്നാണ് വിവരം.

മൂന്ന് നില കെട്ടിടത്തിലാണ് മദ്രസ പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തെ കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നു. 9നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് കണ്ടെത്തിയത് എന്നാണ് വിവരം. മൂന്ന് വർഷത്തോളമായി മദ്രസ രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുകയാണ്.

പരിശോധനയ്ക്കെത്തിയ പൊലീസുകാരെ കെട്ടിടത്തിന്റെ മുകളിലേക്ക് കയറാൻ നടത്തിപ്പുകാർ അനുവദിച്ചില്ല. ബലം പ്രയോഗിച്ചാണ് ഉള്ളിൽ കടന്നത്. ടെറസിലെ പൂട്ടിയിട്ട ടോയ്‌ലറ്റിലാണ് 40 കുട്ടികളെ കണ്ടെത്തിയത്. എട്ട് മുറികൾ ഉണ്ടായിട്ടും കുട്ടികളെ ഇവിടെ ഒളിപ്പിച്ചത് എന്തിനാണെന്ന് ഉദ്യോഗസ്ഥർ ചോദിച്ചെങ്കിലും അവർ ഭയന്ന് പൂട്ടിയിരുന്നതാണ് എന്നാണ് ജീവനക്കാരുടെ മൊഴി.

കുട്ടികൾ ഭയന്ന അവസ്ഥയിലായിരുന്നു എന്നും ആർക്കും വ്യക്തമായൊന്നും പറയാൻ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടികളെയെല്ലാം സുരക്ഷിതമായി വീട്ടിലെത്തിച്ചു എന്നാണ് വിവരം. കുട്ടികളിൽ ആരുടെയെങ്കിലും രക്ഷിതാക്കൾ പരാതി നൽകിയാൽ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top