ബംഗാളിൽ 58 ലക്ഷം വോട്ടർമാർ ഔട്ട്! 24 ലക്ഷം മരിച്ചവർ, 12 ലക്ഷം കാണാതായവർ; എസ്ഐആർ വിവാദത്തിൽ

തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് 58 ലക്ഷം പേരുകൾ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. ഇരട്ടിപ്പുകളും പിശകുകളും ഒഴിവാക്കാൻ നടത്തിയ എസ്ഐആർ പ്രക്രിയയുടെ ഭാഗമായാണ് ഈ നടപടി.
നീക്കം ചെയ്ത 58 ലക്ഷം പേരുകളിൽ 24 ലക്ഷം മരിച്ചവരാണ്. കാണാതായവർ 12 ലക്ഷമാണ്, 1.3ലക്ഷം ഇരട്ടിച്ച പേരുകളാണ്, 19 ലക്ഷം സ്ഥലത്തു ഇല്ലാത്തവരും.
എസ്ഐആറിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയാണ് ഇപ്പോൾ കരട് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയിൽ നിന്ന് തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് ആക്ഷേപം അറിയിക്കാനും തിരുത്തൽ ആവശ്യപ്പെടാനും അവസരമുണ്ട്. ഈ ആക്ഷേപങ്ങൾ പരിഗണിച്ച ശേഷം, അന്തിമ വോട്ടർ പട്ടിക അടുത്ത വർഷം ഫെബ്രുവരിയിൽ പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക വന്ന ഉടൻ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുമുമ്പ് 2002ലാണ് ബംഗാളിൽ എസ്ഐആർ നടത്തിയത്.
എന്നാൽ 58 ലക്ഷം പേരുകൾ നീക്കം ചെയ്തതിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഇതിനെ അനീതി എന്നാണ് എംപി സൗഗത റോയ് വിശേഷിപ്പിച്ചത്. ബംഗാളിലെ യഥാർത്ഥ വോട്ടർമാരെ ഒഴിവാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണിത്. വോട്ടർ സഹായ ബൂത്തുകൾ സ്ഥാപിച്ച് പേരുകൾ ചേർക്കാൻ ജനങ്ങളെ സഹായിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി മമതാ ബാനർജിയും ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി യോഗ്യരായ ലക്ഷക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആർ ഉപയോഗിക്കുകയാണെന്ന് അവർ ആരോപിച്ചു.
പേരുകൾ ഒഴിവാക്കിയാൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മമത നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പേരുകൾ വെട്ടിയാൽ അടുക്കൽ ഉപകരണങ്ങളുമായി രംഗത്തിറങ്ങണമെന്നാണ് മമത നേരത്തെ പറഞ്ഞത്. എന്നാൽ, മമതയുടെ പ്രതിരോധം, അനധികൃത കുടിയേറ്റക്കാരെ ഉൾക്കൊള്ളുന്ന അവരുടെ വോട്ട് ബാങ്കിനെ സംരക്ഷിക്കാനാണെന്നാണ് ബിജെപി ആരോപിച്ചത്. മരിച്ചവരും വ്യാജ വോട്ടർമാരും നീക്കം ചെയ്യപ്പെടുന്നതാണ് തൃണമൂലിന്റെ ഭയത്തിന് കാരണമെന്നാണ് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here