‘നോട്ട് നിരോധനത്തിന് ശേഷം വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല’; 60 കോടി തട്ടിപ്പിൽ പ്രതികരിച്ച് രാജ് കുന്ദ്ര

ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട 60 കോടി തട്ടിപ്പിൽ പ്രതികരണവുമായി രാജ് കുന്ദ്ര. നോട്ട് നിരോധനം മൂലം വായ്പ തിരിച്ചടക്കാൻ സാധിച്ചില്ലെന്നാണ് രാജ് കുന്ദ്ര പറഞ്ഞത്. വായ്പാ നിക്ഷേപ ഇടപാടിൽ വ്യവസായിയിൽ നിന്ന് ഏകദേശം 60 കോടി രൂപയുടെ വഞ്ചന നടത്തിയെന്നാരോപിച്ച് കേസ് നേരിടുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ.
മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (EOW) അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ശേഷം കമ്പനിയിൽ കാര്യമായ നഷ്ടം നേരിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് കടം വാങ്ങിയ ഫണ്ട് തിരിച്ചടയ്ക്കാൻ കമ്പനിക്ക് കഴിയാത്തതെന്നും കുന്ദ്ര പറഞ്ഞു. കേസിൽ രണ്ടുതവണയാണ് കുന്ദ്രയെ ചോദ്യം ചെയ്തത്, വീണ്ടുംചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഭാര്യയായ ശിൽപ ഷെട്ടിയെയും അവരുടെ വസതിയിൽ എത്തി നാല് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.
ഓഗസ്റ്റ് 14നാണ് ഹോം ഷോപ്പിംഗ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്ന കുന്ദ്രയ്ക്കും ഷെട്ടിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വായ്പ നിക്ഷേപ ഇടപാടിൽ ബിസിനസുകാരനായ ദീപക് കോത്താരിയിൽ നിന്ന് ഏകദേശം 60 കോടി രൂപ കബളിപ്പിച്ചു. ഈ തുക ഇവർ സ്വന്തം നേട്ടങ്ങൾക്കായി ഉപയോഗിച്ചെന്നും കോത്താരി ആരോപിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here