60 കോടി തട്ടിപ്പിൽ മുൻ ജീവനക്കാരെ ചോദ്യം ചെയ്യും; ശില്പയ്ക്കും ഭർത്താവിനും ഇത് നിർണായകം

നടി ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും ഉൾപ്പെട്ട 60 കോടി സാമ്പത്തിക തട്ടിപ്പിൽ ബെസ്റ്റ് ഡീൽ പ്രൈവറ്റ് ലിമിറ്റഡിലെ നാല് ജീവനക്കാർക്കും നോട്ടീസ്. ചോദ്യം ചെയ്യലിനായി മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (EOW) നോട്ടീസ് അയച്ചത്. ഒരാളെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു, ബാക്കിയുള്ളവരെ ഉടൻ തന്നെ ചോദ്യം ചെയ്യും.
വ്യവസായിയിൽ നിന്ന് 60 കോടി തട്ടിയെടുത്ത പരാതിയിലാണ് ദമ്പതികൾക്കെതിരെ കേസ്. കമ്പനിയിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഈ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് വഴി, രാജ് കുന്ദ്ര പറയുന്നത് പോലെ 20 കോടി രൂപ ഓഫീസ് ഫർണിച്ചറിനായി ചെലവഴിച്ചോ എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം. ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത് കമ്പനിയുടെ വരുമാനത്തിൽ നിന്നാണോ അതോ മറ്റ് ഉറവിടങ്ങളിൽ നിന്നാണോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഹോം ഷോപ്പിംഗ്, ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്‌ഫോമായ ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായിരുന്നു ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും. 2015നും 2023നും ഇടയിൽ കമ്പനിയിൽ നിക്ഷേപിക്കാനായി തന്റെ കൈയിൽ നിന്നും 60 കോടി രൂപ കൈക്കലാക്കി. പിന്നീട് ആ തുക സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് വ്യവസായി ദീപക് കോത്താരിയുടെ പരാതി. നോട്ട് നിരോധനത്തെ തുടർന്ന് കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതുകൊണ്ടാണ് കടം തിരിച്ചടയ്ക്കാൻ സാധിക്കാത്തതെന്നാണ് രാജ് കുന്ദ്രയുടെ വാദം.
നടിമാരായ ബിപാഷ ബസു, നേഹ ധൂപിയ എന്നിവർക്ക് ഫീസായി ഈ 60 കോടിയിൽ നിന്ന് ഒരു ഭാഗം നൽകിയെന്നും കുന്ദ്ര മൊഴി നൽകിയിട്ടുണ്ട്. ജീവനക്കാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം, ആവശ്യമെങ്കിൽ രാജ് കുന്ദ്രയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നും EOW ഉദ്യോഗസ്ഥർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here