നിക്ഷേപകരെ കണ്ണീരിലാഴ്ത്തി 70 കോടിയുടെ പിഎഫ് തട്ടിപ്പ്; സംരക്ഷിക്കേണ്ടവർ തന്നെ ചതിച്ചു

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) സ്റ്റാഫ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന 70 കോടിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഗോപി, ജീവനക്കാരിയായ ലക്ഷ്മി ജഗദീഷ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 61 വർഷമായി ഇപിഎഫ്ഒ ജീവനക്കാർക്കായി പ്രവർത്തിച്ചുവരുന്ന ക്രെഡിറ്റ് സൊസൈറ്റിയാണിത്. ഇവിടെ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ ജീവനക്കാർ സ്ഥിര നിക്ഷേപമായി (FDs) പണം നിക്ഷേപിച്ചിരുന്നു. നിക്ഷേപകർക്ക് മൂന്ന് മാസം മുമ്പ് വരെ കൃത്യമായി പ്രതിമാസ പലിശ ലഭിച്ചിരുന്നു. എന്നാൽ പലിശ വിതരണം നിലച്ചതോടെയാണ് സംശയം ഉണ്ടായത്. പിന്നീട് ഒരു ജീവനക്കാരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടത്.
സൊസൈറ്റിയുടെ അക്കൗണ്ടിൽ നിന്ന് നിക്ഷേപകരുടെ പണത്തിന്റെ വലിയൊരു ഭാഗം കാണാതായി എന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏകദേശം 3 കോടി രൂപ വായ്പയായി നൽകിയിട്ടുണ്ട്. ബാക്കിയുള്ള തുക വൻതോതിൽ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് പൊലീസ് പറയുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ആഡംബര വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. കേസിലെ മൂന്നാം പ്രതിയായ അക്കൗണ്ടന്റ് ജഗദീഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here