73കാരനായ എംഎൽഎ 31കാരന്റെ കാലുപിടിച്ചു! വീഡിയോ വൈറൽ; വിവാദത്തിൽ ബിജെപി

മധ്യപ്രദേശിലെ ശിവ്‌പുരിയിൽ നിന്നുള്ള മുതിർന്ന ബിജെപി എംഎൽഎ ദേവേന്ദ്ര കുമാർ ജെയിൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാര്യമാൻ സിന്ധ്യയുടെ പാദങ്ങളിൽ വീണ് വന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തന്നെക്കാൾ 42 വയസ്സിന് ഇളയതായ മഹാര്യമാന്റെ കാലുതൊട്ട് വന്ദിച്ച എംഎൽഎയുടെ നടപടി വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ശിവ്‌പുരി ജില്ലാ സ്റ്റേഡിയത്തിൽ നടന്ന നാഷണൽ സ്കൂൾ ഗെയിംസിനിടെയായിരുന്നു സംഭവം. അന്നേദിവസം എംഎൽഎ ദേവേന്ദ്ര കുമാർ ജെയിനിന്റെ ജന്മദിനമായിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മഹാര്യമാൻ സിന്ധ്യയുടെ സാന്നിധ്യത്തിൽ എംഎൽഎ കേക്ക് മുറിച്ചു. കേക്ക് മുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം കുനിഞ്ഞ് മഹാര്യമാന്റെ പാദങ്ങളിൽ സ്പർശിച്ചത്.
വീഡിയോ വിവാദമായതോടെ എംഎൽഎ വിശദീകരണവുമായി രംഗത്തെത്തി. ‘പ്രായം കുറഞ്ഞവരുടെ കാലുപിടിക്കരുത് എന്ന് ഭരണഘടനയിൽ എവിടെയും എഴുതിയിട്ടില്ല. ജനങ്ങൾ വീഡിയോ വൈറലാക്കുന്നുണ്ടാകാം, പക്ഷേ അതെന്നെ ബാധിക്കില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ ജന്മദിനമാണെന്ന് അറിഞ്ഞപ്പോൾ മഹാര്യമാൻ മാർക്കറ്റിൽ നിന്ന് കേക്ക് വരുത്തി ആഘോഷിച്ചുവെന്നും തനിക്കായി പാട്ട് പാടിയെന്നും എംഎൽഎ പറഞ്ഞു. ആ സ്നേഹപ്രകടനത്തിൽ വൈകാരികമായി തോന്നിയതുകൊണ്ടാണ് താൻ അദ്ദേഹത്തിന്റെ കാലുതൊട്ട് നന്ദി പ്രകടിപ്പിച്ചതെന്നാണ് 73-കാരനായ എംഎൽഎയുടെ വിശദീകരണം.
മഹാര്യമാൻ സിന്ധ്യയോ ബിജെപി നേതൃത്വമോ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഗ്വാളിയോർ രാജകുടുംബത്തോടുള്ള ‘അടിമത്ത’ മനോഭാവമാണ് ഇതെന്നും മുതിർന്ന നേതാക്കൾ ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here