900 മില്യൻ ഇന്ത്യക്കാർക്ക് സൌജന്യങ്ങൾ വച്ചുനീട്ടുന്ന എഐ ഭീമന്മാരുടെ തന്ത്രം അറിയണം ഫ്രീ ടാഗ് മാഞ്ഞ് ബില്ലുവരാൻ ഏറെ വൈകില്ല

500 രൂപയ്ക്ക് ഫോൺ കൊടുത്ത് വിപണി പിടിച്ച റിലയൻസിന്‍റെ പഴയ തന്ത്രം ഓർമയില്ലേ? അല്ലെങ്കിൽ റിലയൻസ് ജിയോ കളിച്ച കളിയെങ്കിലും ഓർമയുണ്ടാകും…. സൗജന്യമായി 4ജി ഡേറ്റ കൊടുത്ത് നെറ്റ്‌വർക്ക് കുത്തക സ്വന്തമാക്കിയ ശേഷം നിരക്ക് കുത്തനെ കൂട്ടിയ കച്ചവടതന്ത്രം. ഇതിൻ്റെ മറ്റൊരു വേർഷനാണ് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഉപയോക്തൃ അടിത്തറയുള്ള ഇന്ത്യയെ ലക്ഷ്യമിട്ട് വൻകിട AI (നിർമ്മിത ബുദ്ധി) കമ്പനികൾ പയറ്റാനൊരുങ്ങുന്നത്.

സൗജന്യ സേവനങ്ങളുമായി ഒന്നിനുപിന്നാലെ ഒന്നായി എത്തുകയാണ്. 90 കോടിയിലധികം ഇന്റർനെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയിൽ ഉള്ളത്. ഇത് ലോകത്തിലെ ഏറ്റവും വലിയ കസ്റ്റമർ ബേസാണ്. ഓപ്പൺഎഐ, ഗൂഗിൾ പോലുള്ള കമ്പനികൾ സൗജന്യ ഉപയോഗം, സ്കോളർഷിപ്പുകൾ, പങ്കാളിത്തങ്ങൾ തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്നത്.

ഇതിനൊന്നും പിന്നിൽ ഔദാര്യമല്ല എന്നതാണ് നാമറിയേണ്ടത്. പകരം വിപണി പിടിച്ചെടുക്കാനുള്ള തന്ത്രമാണ്. AI കമ്പനികൾ സൗജന്യ സേവനം നൽകി നമ്മുടെ ശീലങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ്. ഇപ്പോൾ ഫ്രീയായി നൽകുക, പിന്നീട് പണം ഈടാക്കുക എന്നതാണ് അവരുടെ തന്ത്രം. ആളുകൾ AI ടൂളുകൾ ഉപയോഗിച്ച് ശീലമാക്കുകയാണ് ഈ ഘട്ടത്തിൽ അവരുടെ ആവശ്യം.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഹോംവർക്ക്, ഓഫീസ് ജോലി, എഴുത്ത് തുടങ്ങിയവയ്ക്കെല്ലാം AI ഉപയോഗിച്ച് തുടങ്ങിയാൽ, പിന്നെ അതില്ലാതെ പറ്റാത്ത സ്ഥിതിയാകും. ഈ ‘അഡിക്ഷൻ’ ആണ് അവർക്ക് ആവശ്യം. ഈ ഘട്ടം കഴിഞ്ഞാൽ പണം മുടക്കിയായാലും ഈ സേവനങ്ങൾ നേടിയെടുക്കാൻ പലരും നിർബന്ധിതരാകും. സമ്പൂർണമായും സൌജന്യമായി തുടങ്ങിയ ജിമെയിൽ മുതൽ യൂട്യൂബ് വരെ ഇപ്പോൾ പ്രീമിയം സേവനങ്ങളിലേക്ക് ആളുകളെ വിളിച്ചുകയറ്റുന്ന അതേ മാതൃകയിൽ തന്നെ.

ഇന്ത്യൻ വിപണി AI കമ്പനികൾക്ക് സ്വർണ്ണഖനിയാണ്. നൂറുകണക്കിന് ഭാഷകളും പ്രാദേശിക ശൈലികളുമുള്ള രാജ്യമാണിത്. ഓരോ ഉപയോക്താവും ടൈപ്പ് ചെയ്യുന്ന ചോദ്യങ്ങളും, നൽകുന്ന വോയ്‌സ് കമാൻഡുകളും, അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളും ഇന്ത്യക്കാർ എങ്ങനെ ചിന്തിക്കുന്നു, സംസാരിക്കുന്നു എന്ന് AIയെ പഠിപ്പിക്കുന്നു. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ ഇന്ത്യൻ ഭാഷകൾ, സ്ലാങ്ങുകൾ, വികാരങ്ങൾ എന്നിവ AIക്ക് പഠിച്ചെടുക്കാൻ ഇത് സഹായിക്കുന്നു. ഇത്തരം ഇന്ത്യൻ ഡാറ്റ ഉപയോഗിച്ച് ഉണ്ടാക്കുന്ന AI മോഡലുകൾക്ക് ലോകത്ത് എവിടെയും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും.

കുറഞ്ഞ ഇൻ്റർനെറ്റ് വേഗത, പഴയ മൊബൈൽ ഫോണുകൾ തുടങ്ങിയ പരിമിതികളുള്ള സാഹചര്യങ്ങളിൽ AI എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാനും, അതിന് അനുസരിച്ച് ഉൽപ്പന്നം മെച്ചപ്പെടുത്താനും ഈ കമ്പനികൾക്ക് സാധിക്കും. ഇത്രയധികം ആളുകൾ ഒരുമിച്ച് ഉപയോഗിക്കുമ്പോൾ, അവരുടെ ടൂൾസ് വരുത്തുന്ന തെറ്റുകൾ എളുപ്പത്തിൽ കണ്ടെത്താനും കുറഞ്ഞ ചെലവിൽ അവയെല്ലാം മെച്ചപ്പെടുത്തിയെടുക്കാനും കഴിയും.

വിദ്യാഭ്യാസ മേഖല, ആരോഗ്യം, ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിൽ സൗജന്യ AI സേവനം നൽകുന്നത് വഴി സർക്കാരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കാനും ഭാവിയിൽ വലിയ കരാറുകൾ നേടാനും സാധിക്കും. എന്നാൽ, ഈ ഭീമന്മാരുടെ സൗജന്യ സേവനം കാരണം, ഇന്ത്യയിലെ ചെറിയ AI സ്റ്റാർട്ടപ്പുകൾക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകും. ആരാണോ ഇന്ത്യക്കാരുടെ മനസ്സിൽ ആദ്യം എത്തുന്നത്, അവരായിരിക്കും അടുത്ത 10 വർഷം വിപണി ഭരിക്കുക. ഗൂഗിളും ഓപ്പൺഎഐയും അതിനുവേണ്ടിയാണ് മത്സരിക്കുന്നത്.

ചുരുക്കത്തിൽ, സൗജന്യ സേവനം എന്നത് ഒരു സാമൂഹിക സേവനം എന്നതിലുപരി, വലിയ ഡാറ്റാ ശേഖരണം, ഭാവി വിപണി പിടിച്ചെടുക്കൽ, AI മോഡലുകളുടെ ആഗോള നിലവാരം ഉയർത്തൽ എന്നിവ ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ബിസിനസ് നീക്കമാണ്. അതിനാൽ, സൗജന്യമായി കിട്ടുമ്പോൾ പരമാവധി ഉപയോഗിച്ച് പഠിക്കുക. പക്ഷേ ഒരു കമ്പനിയുടെ AI ടൂളിനെ മാത്രം ആശ്രയിക്കാതെ, പല ടൂളുകൾ ഉപയോഗിച്ച് നമ്മുടെ സ്കില്ലിനെ മിനുക്കിയെടുക്കാൻ ശ്രമിക്കുക. കാരണം ഏറെ വൈകാതെ ഈ ‘ഫ്രീ’ ടാഗ് മായുമ്പോൾ ബില്ല് വരും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top