വൃക്ക ദാനം ചെയ്തവൾക്ക് തിരികെ കിട്ടിയത് ചെരിപ്പേറ്! ലാലുവിന്റെ കുടുംബത്തിൽ പൊട്ടിത്തെറി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡിക്ക് (RJD) കനത്ത തോൽവി നേരിട്ടതിനു പിന്നാലെ, പാർട്ടിയിലും ലാലു പ്രസാദ് യാദവിൻ്റെ കുടുംബത്തിലും ഭിന്നത. തേജസ്വി യാദവും സഹോദരി രോഹിണി ആചാര്യയും തമ്മിൽ വീട്ടിൽ കടുത്ത വാക്കുതർക്കമുണ്ടായതായി റിപ്പോർട്ട്. ഈ തർക്കത്തിനിടെ തേജസ്വി സഹോദരിക്ക് നേരെ ചെരിപ്പെറിഞ്ഞെന്നും അധിക്ഷേപിച്ചെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം രോഹിണി ആചാര്യ ആണെന്ന് തേജസ്വി യാദവ് ആരോപിച്ചു. തർക്കത്തിനിടെ ദേഷ്യത്തിൽ തേജസ്വി സഹോദരിക്ക് നേരെ ചെരിപ്പ് എറിയുകയും അധിക്ഷേപിക്കുകയും ചെയ്തു എന്നാണ് വിവരം. സംഭവത്തിന് പിന്നാലെ, രോഹിണി ആചാര്യ രാഷ്ട്രീയവും കുടുംബബന്ധവും ഉപേക്ഷിക്കുന്നതായും പ്രഖ്യാപിച്ചു. തേജസ്വിയുടെ അടുത്ത സഹായികളായ സഞ്ജയ് യാദവ്, റമീസ് എന്നിവർ ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ രാഷ്ട്രീയം വിടുന്നതെന്നും തോൽവിയുടെ എല്ലാ പഴിയും താൻ ഏറ്റെടുക്കുന്നതായും രോഹിണി എക്സ് പോസ്റ്റിൽ കുറിച്ചു.
‘തന്നെ കുടുംബത്തിൽ നിന്നും പുറത്താക്കിയത് തേജസ്വിയും സഹായികളുമാണ്. ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർക്ക് താൽപര്യമില്ല. സഞ്ജയ്, റമീസ് എന്നിവരുടെ പേര് പറഞ്ഞാൽ വീട്ടിൽ നിന്ന് പുറത്താക്കുകയും അധിക്ഷേപിക്കുകയും ചെരിപ്പ് കൊണ്ട് ആക്രമിക്കുകയും ചെയ്യും. കോടികൾ വാങ്ങി ടിക്കറ്റ് നേടി വൃത്തികെട്ട വൃക്കയാണ് അച്ഛന് ദാനം ചെയ്തത്. ഒരു മകളും സഹോദരിയും അമ്മയുമായ തന്നെ അവർ അപമാനിച്ചു, വൃത്തികെട്ട വാക്കുകൾ കൊണ്ട് അധിക്ഷേപിച്ചു, ചെരിപ്പെറിഞ്ഞു. എന്നിട്ടും തൻ്റെ ആത്മാഭിമാനം അടിയറവ് വെച്ചില്ലെന്നും’ രോഹിണി കൂട്ടിച്ചേർത്തു.
‘മാതാപിതാക്കളെയും സഹോദരിമാരെയും ഉപേക്ഷിച്ച് തനിക്ക് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. തൻ്റെ ദൈവമായ അച്ഛനെ രക്ഷിക്കാൻ വൃക്ക ദാനം ചെയ്ത തനിക്ക് സംഭവിച്ച തെറ്റ് മറ്റാർക്കും സംഭവിക്കരുത് എന്നും’ രോഹിണി വൈകാരികമായി കുറിച്ചു. മുൻപ്, സഹോദരൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിലും രോഹിണിക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് സമയത്ത് അവർ തേജസ്വിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here