ഏഷ്യയിലെ ബിഗ് ബോസായി ഇന്ത്യ; അമേരിക്കയ്‌ക്കെതിരെ മോദിയുടെ മാസ്റ്റർ സ്ട്രോക്ക്

ലോകനയതന്ത്രത്തിൻ്റെ ഭൂപടത്തിൽ ഒരു തീപ്പൊരി വീണിരിക്കുന്നു! ഏഷ്യൻ രാജ്യങ്ങളെ ചേർത്തുനിർത്തി അമേരിക്കക്കെതിരെ ഇന്ത്യയുടെ മാസ്റ്റർ സ്ട്രോക്ക്. അഫ്ഗാനിലെ ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് തിരികെ വേണമെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ നിരന്തരമായ ആവശ്യത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. അഫ്ഗാനിൽ വിദേശ സൈനിക സാന്നിധ്യം ആവശ്യമില്ല, എന്ന് വ്യക്തമായി മറുപടി നൽകിയത് റഷ്യയിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാറാണ്. അയൽരാജ്യത്ത് സൈനികസാന്നിധ്യം സ്ഥാപിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കത്തിനെതിരെ നിലപാടെടുക്കാൻ ഇന്ത്യയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. ഇന്ത്യൻ വിദേശനയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഈ നയതന്ത്ര നീക്കം ചർച്ചയാവുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തിനെതിരെ, ഇന്ത്യ നിലകൊണ്ടിരിക്കുന്നത്, അഫ്ഗാനിസ്ഥാൻ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളോടൊപ്പം! പരമ്പരാഗത ശത്രുക്കളായ ഈ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ നിലകൊണ്ടതിൻ്റെ പിന്നിലെ മാസ്റ്റർപ്ലാൻ എന്താണ്? നമുക്ക് നോക്കാം.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് 50 കിലോമീറ്റർ അടുത്തുള്ള ബഗ്രാം വ്യോമതാവളം ഭൂമിശാസ്ത്രപരമായി നിർണായകമായ ഇടത്താണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യൻ രാജ്യങ്ങളിലേക്ക് കടന്നുകയറാൻ വേണ്ടി അമേരിക്കയ്ക്ക് ബേസ് ക്യാംപായി ഉപയോഗിക്കാൻ കഴിയുന്ന ഇടം. ചൈനയുടെ അതിർത്തി പ്രദേശം കൂടിയായ ഇവിടെ സൈനിക സാന്നിധ്യം കൊണ്ടുവരാനുള്ള ട്രംപിൻ്റെ നീക്കത്തിന് പിന്നിൽ, ഏഷ്യൻ മേഖലയിലെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ്.

പാക്കിസ്ഥാനുമായുള്ള ബന്ധത്തിലും മാറിയും തിരിഞ്ഞും നിലപാടെടുക്കുന്ന അമേരിക്ക തൊട്ടയൽപക്കത്ത് ഇത്തരമൊരു സ്ഥിരം സാന്നിധ്യം ഉറപ്പാക്കുന്നത് ഇന്ത്യക്ക് സ്ഥിരം ഭീഷണിയാകുമെന്ന് കണക്കുകൂട്ടലുമുണ്ട്. പാക്കിസ്ഥാനാകട്ടെ അമേരിക്കയുമായി ബന്ധം മെച്ചപ്പെടുത്തി ഇന്ത്യയെ ഒറ്റപ്പെടുത്താൻ കഴിയാവുന്ന എല്ലാ ശ്രമങ്ങളും നടത്തിവരികയുമാണ്. ഇതും ബഗ്രാമിൻ്റെ കാര്യത്തിൽ ഉറച്ച നിലപാടെടുക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചു എന്നുതന്നെയാണ് വിലയിരുത്തൽ.

അഫ്ഗാനിസ്ഥാനിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റഷ്യ ആതിഥേയത്വം വഹിച്ചു നടത്തിയ മോസ്‌കോ ഫോർമാറ്റ് കൺസൾട്ടേഷനിലാണ് ഈ നിലപാട് ഇന്ത്യ വ്യക്തമാക്കിയത്. തികഞ്ഞ ദീർഘവീക്ഷണത്തോടെയാണ് ഇന്ത്യ ഈ നിർണായക നിലപാട് എടുത്തിരിക്കുന്നതെന്ന് വ്യക്തം. താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖി ഈയാഴ്ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇതെന്നതും ശ്രദ്ധേയമാണ്. അഫ്ഗാനുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ കഴിയുന്ന തരത്തിലുള്ള നയതന്ത്ര നീക്കമാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.

അഫ്ഗാനുമായുള്ള ബന്ധത്തിൽ കൃത്യമായ ചട്ടക്കൂടുകൾ നെഹ്റുവിൻ്റെ കാലംമുതലേ ഉണ്ടായിരുന്നു. 1959ൽ കാബൂൾ സന്ദർശനത്തിനിടെ അന്നത്തെ അഫ്ഗാൻ പ്രധാനമന്ത്രി സർദാർ മുഹമ്മദ് ദാവൂദ് ഖാനൊപ്പം നെഹ്റു ഇതേ ബഗ്രാം എയർഫീൽഡിൽ എത്തിയിരുന്നു. സോവിയറ്റ് യൂണിയന്റെ സഹായത്തോടെ അന്നവിടെ വികസന പ്രവർത്തങ്ങൾ നടക്കുന്നത് കണക്കിലെടുത്ത് നെഹ്റു പ്രസ്താവിച്ചത്, ആ സഹായം അഫ്ഗാൻ്റെ പരമാധികാരത്തിന് ഭീഷണിയാകരുത് എന്നായിരുന്നു. സഹായം സ്വീകരിച്ചാലും പരമാധികാരം അഫ്ഗാന് ആകണം എന്നതായിരുന്നു ഇന്ത്യയുടെ നിലപാട്.

ബഗ്രാം വിഷയത്തിലുള്ള എതിർപ്പ് രേഖപ്പെടുത്തുമ്പോൾത്തന്നെ മറ്റൊരു സുപ്രധാന വിഷയം ഇന്ത്യ ഊന്നിപ്പറഞ്ഞു. അഫ്ഗാനിസ്ഥാൻ്റെ മണ്ണ് മറ്റ് അയൽരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ തീവ്രവാദത്തിന് ഉപയോഗിക്കരുത്! ഇന്ത്യയുടെ ഈ ശക്തമായ സന്ദേശം, പാകിസ്ഥാന് ഉൾപ്പെടെയുള്ള മുന്നറിയിപ്പാണ്. ഇന്ത്യയെ സംബന്ധിച്ച് അഫ്ഗാനിൽ വീണ്ടും ഒരു വിദേശ സൈനിക ശക്തി സ്വാധീനം നേടുന്നത്, പ്രാദേശിക സ്ഥിരതയെ തകർക്കും. അതിനാൽ റഷ്യയും ചൈനയും ഉൾപ്പെടെയുള്ളവർക്കൊപ്പം ചേർന്ന് ഏഷ്യയിലെ സമാധാനം ഉറപ്പാക്കാം എന്ന നിലപാടിലാണ് ഇന്ത്യ.

Also Read : താലിബാൻ മന്ത്രി ഇന്ത്യയിലേക്ക്; ഉപരോധം മറികടക്കുന്നത് ഉപാധികളോടെ

അതായത് സഖ്യകക്ഷികൾ ആരാണ് എന്നതിലുപരി, ദേശീയ താൽപ്പര്യങ്ങൾക്കാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നത്. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെ സ്വന്തം അതിർത്തിയുടെയും അയൽ രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന ഏഷ്യയിലെ ‘ബിഗ് ബോസ്’ എന്ന നിലയിലേക്ക് ഇന്ത്യ ഈ നീക്കത്തിലൂടെ വളർന്നിരിക്കുന്നു. മോസ്‌കോ ഫോർമാറ്റിലെ ആ ഒറ്റ ‘നോ’… അത് വെറുമൊരു വാക്കല്ല. അമേരിക്കയുടെ വാണിജ്യ നയതന്ത്ര ഭീഷണികളെ മറികടന്ന് ഇന്ത്യ സ്വയംപര്യാപ്തതയുടെ പാതയിൽ മുന്നോട്ട് പോവുകയാണെന്നുള്ള പ്രഖ്യാപനമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top