ലോക്കൽ ട്രയിനിലെ നിസ്സാര തർക്കം അവസാനിച്ചത് കൊലപാതകത്തിൽ! കോളേജ് പ്രൊഫസറെ കുത്തിക്കൊന്നു; പ്രതി പിടിയിൽ

തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ നിസ്സാര തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്. വൈൽ പാർലെയിലെ പ്രമുഖ കോളേജ് പ്രൊഫസറായ അലോക് സിംഗാണ് മലാഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ പ്രതിയായ ഓംകാർ ഷിൻഡെ എന്ന 27കാരനെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഒരേ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അലോക് സിംഗും ഓംകാർ ഷിൻഡെയും. ട്രെയിൻ മലാഡ് സ്റ്റേഷനിൽ എത്താറായപ്പോൾ തിരക്കേറിയ വാതിലിനരികിൽ നിൽക്കുന്നതിനെച്ചൊല്ലിയും പുറത്തിറങ്ങുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ, പ്ലാറ്റ്‌ഫോമിൽ വെച്ച് പ്രതി കയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള കത്തി ഉപയോഗിച്ച് അലോക് സിംഗിന്റെ വയറ്റിൽ പലതവണ കുത്തുകയായിരുന്നു. കണ്ടു നിന്നവർ നിന്നവർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെ തിരക്കിനിടയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തിന് ശേഷം വെള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ഫൂട്ട് ഓവർ ബ്രിഡ്ജിലൂടെ ഓടിപ്പോകുന്ന ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ വസായിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ട്രെയിനിൽ നിന്നിറങ്ങുന്നതിനെച്ചൊല്ലിയുള്ള ചെറിയ തർക്കമാണോ ഇത്രയും ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവർ തമ്മിൽ മുൻപരിചയമോ മറ്റ് ശത്രുതയോ ഉണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top