‘മനുഷ്യരുടെ സങ്കടത്തിന് ഒരു ഭാഷയേയുള്ളൂ’; ട്രോളന്മാർക്ക് മറുപടിയുമായി എ എ റഹീം

കർണ്ണാടകയിലെ ചേരി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ തന്റെ ഇംഗ്ലീഷ് പ്രയോഗങ്ങളെ ട്രോളുന്നവർക്ക് മറുപടിയുമായി രാജ്യസഭാംഗവും ഡിഫിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം. തന്നെ പരിഹസിക്കുന്നവരോട് തനിക്ക് വെറുപ്പില്ലെന്നും, തന്റെ ഭാഷാപരമായ പരിമിതികൾ മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
ബെംഗളൂരു യെലഹങ്കയിലെ ഫക്കീർ കോളനിയിൽ വീടുകൾ ഇടിച്ചുനിരത്തപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കാനാണ് എഎ റഹീമിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം എത്തിയത്. അവിടെവെച്ച് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയുണ്ടായ ചില ഇംഗ്ലീഷ് പദപ്രയോഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായ ട്രോളുകൾക്ക് കാരണമായത്. ഇതിനെതിരെയാണ് അദ്ദേഹം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Also Read :
“എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരേയൊരു ഭാഷയേ ഉള്ളൂ. ഭരണകൂട ഭീകരതയുടെ ഇരകളായ, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുർബലരായ മനുഷ്യരുടെ ശബ്ദം ലോകത്തിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമേയുള്ളൂ. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് വെറുപ്പില്ല. ഭാഷ തീർച്ചയായും ഇനിയും മെച്ചപ്പെടുത്തും. എന്നാൽ ഒരു തെറ്റുമില്ലാതെ പല ഭാഷകൾ കൈകാര്യം ചെയ്യുന്ന എത്രപേരെ ആ ബുൾഡോസറുകൾ ജീവിതം തകർത്ത സാധുക്കളുടെ അരികിൽ കണ്ടു?” എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ച്.
“എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ സർക്കാർ അയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും ആ ഇന്ത്യക്കാരുടെ കണ്ണീരും നിങ്ങൾ കാണാതെ പോകരുത്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ട്രോളുകൾക്ക് പിന്നിൽ ഒളിക്കരുത്. ഇനിയും ശബ്ദമില്ലാത്തവരെ തേടിപ്പോകുമെന്നും ഒറ്റപ്പെട്ടുപോകുന്നവരെ ചേർത്തുപിടിക്കുമെന്നും” അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി. തന്റെ സന്ദർശനത്തിന് പിന്നാലെ ബെംഗളൂരുവിലെ പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മാധ്യമങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here