നാടു കടത്തരുതെന്ന് അപേക്ഷ; അതൃപ്തി അറിയിച്ച് അബിൻ വർക്കി

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തിൽ തൻ്റെ അതൃപ്തി പരസ്യമാക്കി മുൻ സംസ്ഥാന നേതാവ് അബിൻ വർക്കി. പുതിയ അധ്യക്ഷനായി ഒ ജെ ജനീഷിനെ നിയമിച്ചതിന് പിന്നാലെ, ദേശീയ സെക്രട്ടറിയായി നിയമിക്കപ്പെട്ട അബിൻ വർക്കി, മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് തന്റെ അതൃപ്തി അറിയിച്ചത്.

ദേശീയതലത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുമ്പോഴേക്കും കേരളത്തിൽ താൻ നടത്തി കൊണ്ടുവന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ നിന്നും പിന്മാറേണ്ടി വരുമോ എന്ന ആശങ്കയിലാണ് അബിൻ വർക്കി. പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുണ്ടെങ്കിലും, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ തന്നെ തുടരാനുള്ള അവസരം നൽകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

Also Read : ഒജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; അബിൻ വർക്കിക്ക് പാരയായത് സമുദായം

‘പാര്‍ട്ടി തീരുമാനം തെറ്റായി പോയി എന്ന് പറയില്ല. പല ഘടകങ്ങള്‍ വിലയിരുത്തി കൊണ്ടാണ് തീരുമാനം എടുത്തത്. എന്റെ താത്പര്യം പാര്‍ട്ടിയോട് പറഞ്ഞു. ഇവിടെ തുടരാനാണ് ആഗ്രഹം, പിണറായി സര്‍ക്കാരിനെതിരെയുള്ള സമരത്തില്‍ പങ്കെടുക്കണം, വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകനായി ഇവിടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു. ഞാന്‍ പ്രത്യേക സമുദായക്കാരനായത് കൊണ്ടാണോ ആ ഘടകം എന്ന് ചോദിച്ചാല്‍ നേതൃത്വമാണ് പറയേണ്ടത്. പക്ഷേ ഞാന്‍ കരുതുന്നില്ല. മതേതരത്വം പേറുന്ന പ്രസ്ഥാനത്തിന് അങ്ങനയൊക്കെ ചെയ്യാന്‍ സാധിക്കുമോ?ഞാന്‍ ക്രിസ്ത്യാനിയായതാണോ എന്റെ കുഴപ്പം?, അതല്ലല്ലോ’- അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെ ആസ്ഥാനത്തേക്ക് വൈസ് പ്രസിഡണ്ട് ആയിരുന്ന അബിൻ വർക്കി വരുമെന്ന ചർച്ചകൾ സജീവമായിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് സാമുദായിക സമവാക്യങ്ങൾ കാരണമാണ് അധ്യക്ഷ പദവി നൽകാതിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top