അബു സലിമിന് 2 ദിവസത്തെ പരോൾ മാത്രം; 14 ദിവസം നൽകാനാവില്ല; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

1993ലെ മുംബൈ സ്‌ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട കുപ്രസിദ്ധ കുറ്റവാളി അബു സലിമിന് രണ്ട് ദിവസത്തെ അടിയന്തര പരോൾ മാത്രമേ നൽകാൻ കഴിയൂ എന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. അബു സലിം അന്താരാഷ്ട്ര കുറ്റവാളി ആണെന്നും അതിനാൽ കനത്ത പോലീസ് സുരക്ഷയോടെ മാത്രമേ പരോൾ അനുവദിക്കാൻ സാധിക്കൂ എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

തന്റെ ജ്യേഷ്ഠന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി 14 ദിവസത്തെ പരോളാണ് അബു സലിം ആവശ്യപ്പെട്ടത്. അബു സലിമിനെപ്പോലെയുള്ള കുറ്റവാളിക്ക് 14 ദിവസം നൽകാനാവില്ലെന്നും, പോലീസ് അകമ്പടിയോടെ രണ്ട് ദിവസം മാത്രമേ അനുവദിക്കാനാവൂ എന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഈ യാത്രയുടെ മുഴുവൻ ചിലവും സലിം തന്നെ വഹിക്കേണ്ടി വരുമെന്നും അറിയിച്ചു.

പരോളിനായി ഉത്തർപ്രദേശിലെ അസംഗഢിലേക്ക് പോകേണ്ടതുണ്ട്. അതിനാൽ രണ്ട് ദിവസം ഒന്നിനും തികയില്ലെന്നും, താൻ ഇന്ത്യൻ പൗരനാണെന്നും സലിമിന്റെ അഭിഭാഷക അറിയിച്ചു. കഴിഞ്ഞ 20 വർഷമായി തടവിൽ കഴിയുന്ന തനിക്ക് പോലീസ് സുരക്ഷയുടെ ആവശ്യമില്ലെന്നും അവർ കോടതിയിൽ വാദിച്ചു.

അബു സലിമിന് 14 ദിവസത്തെ പരോൾ നൽകുന്നതിലുള്ള തടസ്സങ്ങളും ആശങ്കകളും വ്യക്തമാക്കിക്കൊണ്ട് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. 2005ൽ അറസ്റ്റിലായ അബു സലിം, ഇതിനുമുമ്പ് തന്റെ മാതാവിന്റെയും രണ്ടാനമ്മയുടെയും മരണസമയത്ത് മാത്രമാണ് ഏതാനും ദിവസത്തെ പരോളിൽ പുറത്തിറങ്ങിയിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top