SV Motors SV Motors

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസ്: നടൻ വിനായകനെ ചോദ്യം ചെയ്തു, ഫോൺ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സംസാരിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. കലൂരിലുള്ള വിനായകന്റെ ഫ്‌ളാറ്റിലാണ് എറണാകളം നോര്‍ത്ത് സിഐ അടക്കമുള്ള സംഘം പരിശോധന നടത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരായ വീഡിയോ പുറത്തുവിട്ട വിനായകന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു.

ഏത് സമയവും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റിന് സമാനമായ സെക്ഷൻ 41 പ്രകാരമുള്ള നോട്ടീസും വിനായകന് പൊലീസ് നല്‍കിയിട്ടുണ്ട്. പൊലീസ് പിടിച്ചെടുത്ത വിനായകന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിനായകന്‍ സ്റ്റേഷനില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലായതിനാല്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. തുടര്‍ന്ന് മൂന്നുദിവസത്തിനുള്ളില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് പോലീസ് നോട്ടീസ് നല്‍കിയിരുന്നു.

ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചിലയാളുകളുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റമാറ്റത്തിലെ പ്രകോപനമാണ് ഫേസ്ബുക്കിൽ ലൈവ് ചെയ്യാന്‍ കാരണമെന്ന് ചോദ്യം ചെയ്യലില്‍ വിനായകന്‍ പറഞ്ഞു. തന്റെ ഫ്‌ളാറ്റ് ആക്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരായ പരാതിയില്‍ നിന്ന് പിന്മാറുന്നതായും നടന്‍ പൊലീസിനെ അറിയിച്ചു.

വിലാപയാത്രക്കിടെയാണ് വിനായകൻ സമൂഹ മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ‘ഉമ്മന്‍ ചാണ്ടി ചത്തു, അതിന് എന്തിനാണ് മൂന്ന് ദിവസം അവധി’ എന്നടക്കം പരാമർശങ്ങളാണ് ഫേസ്ബുക്ക് ലെെവില്‍ നടത്തിയത്. ഇതിനെതിരെ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, സംഭവത്തില്‍ വിനായകനോട് ക്ഷമിക്കുന്നതായും കേസും നടപടിയും വേണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top