തെളിവില്ല, സാക്ഷികൾ കൂറുമാറി; എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിലെ 15 പ്രതികളെയും കോടതി വെറുതെ വിട്ടു

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ എബിവിപി ചെങ്ങന്നൂര്‍ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി പ്രതികളെ വിട്ടയച്ചത്. 12 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വരുന്നത്.
പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. സാക്ഷികളിൽ പലരും കൂറുമാറിയതും അന്വേഷണ സംഘത്തിന് തിരിച്ചടിയായി. കേസിൽ ആകെ 41 പ്രതികളാണ് ഉണ്ടായിരുന്നത്. ആദ്യഘട്ടത്തിൽ കുറ്റപത്രം സമർപ്പിച്ച 15 പ്രതികളെയാണ് ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്. മറ്റ് പ്രതികളുടെ വിചാരണ പ്രത്യേകമായി നടക്കുകയാണ്.
Also Read : ഷൈൻ ടോം ചാക്കോ ക്ലീൻ; ലഹരി ഉപയോഗിച്ചതിന് തെളിവില്ല
വിധിക്കെതിരെ വിശാലിന്റെ കുടുംബവും എബിവിപി നേതൃത്വവും രംഗത്തെത്തി. പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് ഇവർ ആരോപിക്കുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. പന്തളം സ്വദേശികളായ നാസിം, ഷെഫീഖ്, അൻസാർ ഫൈസൽ, ആസിഫ് മുഹമ്മദ്, സനൂജ്, ചെറിയനാട് സ്വദേശികളായ ആഷിക്ക്, നാസിം, അൽ താജ്, സഫീർ, അഫ്സൽ, വെൺമണി സ്വദേശി ഷമീർ റാവുത്തർ തുടങ്ങിയവരാണ് കേസിലെ പ്രധാന പ്രതികൾ.
കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാൽ എബിവിപിയുടെ സജീവ പ്രവർത്തകനായിരുന്നു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യൻ കോളേജിലെ പരിപാടിക്കായി എത്തിയപ്പോഴാണ് വിശാലിന് കുത്തേറ്റത് 2012 ജൂലൈ പതിനാറിനായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിശാൽ പിറ്റേന്നാണ് മരിച്ചത്. ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നായിരുന്നു പോലീസിന്റെ കുറ്റപത്രം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here