‘ബേൺ ഔട്ട്’ ഭീഷണിയിൽ യുവത്വം; ഇന്റർനാഷണൽ ജേണൽ ഓഫ് ഇന്ത്യൻ സൈക്കോളജി റിപ്പോർട്ട് പുറത്ത്

ഓരോ കുട്ടികൾക്കും പഠനകാലത്ത് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടാകാം. പക്ഷെ, മാർക്കിനായുള്ള ഓട്ടം, പ്രോജക്ട് ഡെഡ്‌ലൈനുകൾ, വീട്ടുകാരുടെ പ്രതീക്ഷകൾ… ഇതൊക്കെ ചേർന്ന് അവർക്ക് ലഭിക്കുന്നത് കടുത്ത അക്കാദമിക് സമ്മർദ്ദമാണ്. ഇത് പതിയെ കുട്ടികളെ ബേൺഔട്ടിലേക്ക് നയിച്ചെക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. കടുത്ത ക്ഷീണവും മാനസിക സമ്മർദ്ദവും മൂലം ആത്മഹത്യയിലേക്ക് പോലും വഴിതെറ്റിക്കാവുന്ന ഗുരുതരമായ പ്രശ്നമാണത്. ദീർഘനാളത്തെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ കടുത്ത തളർച്ചയാണ് ബേൺ ഔട്ട്. വെറുമൊരു ക്ഷീണം എന്നതിനപ്പുറം ഈ തളർച്ച ജീവിത്തതിന്റെ എല്ലാ മേഖലകളേയും ബാധിച്ചേക്കും.
Also Read : കുട്ടികളെ ഒറ്റപെടുത്തരുത്, യൗവനത്തില്‍ നേരിടേണ്ടി വരിക ഗുരുതരപ്രശ്‌നങ്ങള്‍; ഞെട്ടിക്കുന്ന പഠനം
ദി ഇന്റർനാഷണൽ ജേണൽ ഓഫ് ഇന്ത്യൻ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പീഴ്സ് അണ്ടർ പ്രഷർ എന്ന റിപ്പോർട്ട് ഈ വിവരങ്ങൾ അടിവരയിടുന്നു. കരിയറിൻ്റെ മധ്യഘട്ടത്തിലുണ്ടാകുന്ന പ്രശ്നമായിട്ടായിരുന്നു ഒരുകാലത്ത് ഇത് കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോഴിത് കുട്ടികളെ പോലും ബാധിക്കുന്നു എന്ന് ഡോ സൗരഭ് മെഹ്റോത്രയുടെ നേതൃത്വത്തിൽ നടന്ന പഠന റിപ്പോർട്ടിൽ പറയുന്നു. പല യുവാക്കളും ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് മാനസികമായും വൈകാരികമായും ക്ഷീണിച്ചുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.
പക്ഷെ, ഈ സമ്മർദ്ദത്തിന് ഒരു മറുമരുന്നും റിപ്പോർട്ട് തന്നെ മുന്നോട്ട് വക്കുന്നു. ഫ്രണ്ട്ഷിപ്. ചെറുപ്പക്കാരിലെ ജീവിതസമ്മർദ്ദങ്ങളെ ആരോഗ്യകരമായി നേരിടാൻ കുട്ടുകാർ എങ്ങനെ സഹായകമാകുന്നു എന്നതിൽ ഗവേഷണ റിപ്പോർട്ട് നിർണായക ചില കണ്ടെത്തൽ മുന്നോട്ട് വക്കുന്നു. കൂട്ടുകെട്ട് എത്രത്തോളം ശക്തവും പോസിറ്റീവുമാണോ, അത്രത്തോളം മാനസിക സമ്മർദ്ദം കുറവായിരിക്കുമെന്നാണ് കണ്ടെത്തൽ. സമ്മർദ്ദങ്ങളിൽ ഒരു പ്രതിരോധ കവചം പോലെയാണ് സുഹൃത്തുക്കൾ പ്രവർത്തിക്കുന്നത്. സമ്മർദ്ദം നേരിട്ടുള്ള ആക്രമണമായി മാറുമ്പോൾ, അതിനെ തടഞ്ഞുനിർത്തുന്നത് നല്ല കൂട്ടുകെട്ടുകളാണ് .
Also Read : ‘ഇൻസോമ്നിയ’ ബാധിച്ചെന്ന് തല അജിത്; പകൽ ക്ഷീണമാണോ? രാത്രി ഉറക്കമില്ലേ? സൂക്ഷിക്കണം
കൂടാതെ താൻ ഈ സമൂഹത്തിൻ്റെ ഭാഗമാണ് എന്ന തോന്നലിന് വലിയ പ്രാധാന്യമുണ്ട് സൗഹൃദങ്ങൾ വിദ്യാർത്ഥികൾക്ക് ആ തോന്നലുണ്ടാക്കാൻ സഹായിക്കുന്നു. ബേൺ ഔട്ട് എന്ന അവസ്ഥയിൽ നിന്നും രക്ഷപ്പെടാനായി ചില നിർദ്ദേശങ്ങൾ റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. രാത്രിയിൽ ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങാം. സ്ക്രീൻ ടൈമിന് പരിധി നിർണയിക്കുക. സോഷ്യൽമീഡിയയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
കൃത്യമായ വ്യായാമം, പോഷകസമ്പന്നമായ ഭക്ഷണം എന്നീ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇത് മെച്ചപ്പെട്ട ഏകാഗ്രത, വൈകാരിക നിയന്ത്രണം എന്നിവയിലൂടെ ബേൺ ഔട്ട് എന്ന ഗുരുതരമായ അവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും എന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here