സംസാരിക്കാൻ വിസമ്മതിച്ചതിന് 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം! പ്രതി പിടിയിൽ

രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്.
പരിചയമില്ലാത്ത ഒരാളോട് സംസാരിക്കാൻ വിസമ്മതിച്ചതിനും ശകാരിച്ചതിനുമാണ് 14 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ഒഴിച്ച 19കാരനായ ഫോട്ടോഗ്രാഫർ ഓംപ്രകാശിനെ മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ ചടങ്ങിൽ ഫോട്ടോഗ്രാഫറായി എത്തിയപ്പോഴാണ് പ്രതി ഓംപ്രകാശ് പെൺകുട്ടിയെ ആദ്യമായി കാണുന്നത്. പിന്നീട് ഇയാൾ പെൺകുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കുട്ടി ഇയാളെ ശകാരിക്കുകയും സംസാരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതി സമ്മതിച്ചു.

പെൺകുട്ടി സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ പ്രതി കുട്ടിയുടെ നേരെ ആസിഡ് കുപ്പി എറിയുകയായിരുന്നു. പെൺകുട്ടിയുടെ വസ്ത്രത്തിനും കൈവിരലിനും പൊള്ളലേറ്റു. ഭാഗ്യം കൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. തിരിച്ചറിയാതിരിക്കാൻ ഹെൽമെറ്റും തുണിയും ഉപയോഗിച്ച് മുഖം മറച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. കൂടാതെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് തുണികൊണ്ട് മൂടുകയും ചെയ്തിരുന്നു.

പ്രതിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പോലീസ് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, പ്രതിയെ പോലീസ് പൊതുജനമധ്യത്തിലൂടെ നടത്തിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top