ദുൽഖറിന് കുരുക്ക് മുറുകുന്നു; പരിവാഹൻ സൈറ്റിൽ തിരിമറി നടന്നതായി സംശയം

ഓപ്പറേഷൻ നുംകൂറിൽ നടൻ ദുൽഖർ സൽമാന് കുരുക്ക് മുറുകുന്നു. ദുൽഖറിന്റെ വാഹന രജിസ്ട്രേഷനിൽ ചില പ്രശ്ങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്
അറിയിച്ചു. “പരിവാഹൻ വെബ് സൈറ്റിൽ വരെ ഇവര്‍ കൃത്രിമം കാണിച്ചിട്ടുണ്ട്. രാജ്യ സുരക്ഷക്കു വരെ ഭീഷണിയാണ് ഇത്തരം നീക്കങ്ങൾ. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നത്. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്” ടിജു തോമസ് പറഞ്ഞു. ഇന്ത്യൻ എംബസി, അമേരിക്കൻ എംബസി എന്നിവയുടെ കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഒരു വാഹനത്തിന് 28 വർഷത്തെ പഴക്കമുണ്ട് എന്നാൽ സൈറ്റിൽ വാഹനത്തിന് 2038 വരെ ഫിറ്റ്നസ് കാണിക്കുന്നുണ്ട്.
ഇൻഡോ-ഭൂട്ടാൻ അതിർത്തി വഴി കാറുകളിൽ സ്വർണവും മയക്കുമരുന്നുകളും കൊണ്ട് വരുന്നുണ്ടെന്ന് വിവരങ്ങളും ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ഓപറേഷൻ നുംകൂറിൻ്റെ ഭാഗമായി നൂറ്റിനാൽപതിലധികം വാഹനങ്ങൾ കേരളത്തിൽ നിന്ന് പിടികൂടാനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കേരളത്തിലേക്ക് കടത്തിയ മുഴുവൻ വാഹനങ്ങളുടെയും പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 140ൽ അധികം വാഹനങ്ങളാണെന്നും കസ്റ്റംസ് പറഞ്ഞു.
Also Read : നികുതി വെട്ടിച്ച് വാഹന കടത്തോ!!! ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ റെയ്ഡ്; പിടിമുറുക്കി നുംകൂർ
പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്‍മാര്‍ ഇത്തരം വാഹനം വാങ്ങിയിട്ടുണ്ടെന്ന്ന്നാണ് കണ്ടെത്തൽ. നടൻ അമിത് ചക്കാലക്കലിൻ്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ എട്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും വാഹനം കണ്ടെത്താനായില്ല. ഇറക്കുമതി തിരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുൽഖറിന്റെ രണ്ട് വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്. രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ താരത്തിന് നോട്ടീസ് നൽകും. മറ്റുളളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here