ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ

മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇതിഹാസ പ്രതിഭ ശ്രീനിവാസന് നാട് വിടചൊല്ലുന്നു. വൃക്ക രോഗത്തെ തുടർന്ന് ശനിയാഴ്ച രാവിലെ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്ന് എറണാകുളം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ചടങ്ങുകൾ.

ശനിയാഴ്ച രാവിലെ പതിവ് ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 8:30ഓടെ അന്ത്യം സംഭവിക്കുകയായിരുന്നു. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

Also Read : നമ്മള്‍ എന്തുകൊണ്ട് തോറ്റു….ഐശ്വര്യത്തിന്റെ സൈറണ്‍…ക്യാമറയും കൂടെ ചാടട്ടെ… മലയാളികള്‍ ആവര്‍ത്തിച്ച് പറയുന്ന ശ്രീനിവാസന്‍ ഡയലോഗുകള്‍

ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ-സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, മെഗാതാരം മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട് തുടങ്ങി വലിയൊരു നിര തന്നെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാനെത്തി. തമിഴ് നടൻ സൂര്യ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയുടെ നട്ടെല്ലായിരുന്ന ശ്രീനിവാസൻ 225-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘സന്ദേശം’, ‘നാടോടിക്കാറ്റ്’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങി അദ്ദേഹം രചിച്ചും സംവിധാനം ചെയ്തും അനശ്വരമാക്കിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. ഭാര്യ വിമല, മക്കളായ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം സിനിമാ ലോകവും കേരളക്കരയും തീരാനഷ്ടത്തിൽ കണ്ണീർ പൊഴിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top