ശ്രീനിവാസന്‍ അന്തരിച്ചു; മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭ

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു. നടന്‍ മാത്രമല്ല സിനിമയുടെ സമസ്ത മേഖലയിലും കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്. തിരക്കഥാകൃത്തായും സംവിധായകനായും ശ്രീനിവാസന്‍ മലയാളികളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. ശ്രീനിവാസന്‍ ചിത്രങ്ങളിലെ ഒരു ഡയലോഗ് എങ്കിലും എല്ലാവരും ഒരു ദിവസം പറയും എന്ന് ഉറപ്പാണ്. അറുപത്തിയാറാം വയസിലാണ് ഈ അതുല്യ പ്രതിഭ വിടവാങ്ങിയിരിക്കുന്നത്.
അനാരോഗ്യം കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു ശ്രീനിവാസന്‍. മലയാളികള്‍ കൃഷി ചെയ്യണമെന്നും വിഷരഹിതമായ ഭക്ഷണം കഴിക്കണം എന്നും ആവര്‍ത്തിച്ച് പറയുകയും സ്വയം കൃഷി ചെയ്യുകയും ചെയ്തിരുന്നു ശ്രീനിവാസന്‍. എല്ലാത്തിലും നര്‍മ്മം കണ്ടെത്തുന്ന ശ്രീനിവാസനെ മലയാളികള്‍ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാണ്.
സംവിധാനം ചെയ്ത് അഭിനയിച്ച ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ,സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1991 ല്‍ പുറത്തിറങ്ങിയ ‘സന്ദേശ’ത്തിന്റെ രാഷ്ട്രീയം ഇന്നും പ്രസക്തമായി തന്നെ നിൽക്കുന്നുണ്ട്.
1956 ഏപ്രില്‍ 4-ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം.. കതിരൂര്‍ ഗവ സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്സ്എസ്സ് കോളജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്ത സിനിമാനടന്‍ രജനികാന്ത് സഹപാഠിയായിരുന്നു.
1977-ല്‍ പി.എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതിയാണ് എഴുത്തിന്റെ ലോകത്ത് എത്തിയത്. വിമലയാണ് ഭാര്യ. നടന്‍മാരായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here