ദിലീപിനെ വെറുതെവിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കൊച്ചയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെവിട്ടു. എട്ടാം പ്രതിയായ ദിലീപിനെ എതിരെ ചുമത്തിയ ഗൂഡാലോചന കുറ്റം തെളിയിക്കാന്‍ തെളിവുകളില്ല എന്ന് കോടതി വ്യക്തമാക്കി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപ്രതികളെ കുറ്റക്കാരന്‍ എന്ന് വിധിക്കുകയും ചെയ്തു. പള്‍സര്‍ സുനി എന്ന സുനില്‍ എന്‍എസ് ആണ് കേസിലെ ഒന്നാം പ്രതി. രാണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ് അഞ്ചാം പ്രതി എച്ച് സലിം ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയത്. ദിലീപിനെ കൂടാതെ മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടിട്ടുണ്ട്. ഇതില്‍ ദിലീപിന്റെ സുഹൃത്തായ ഹോട്ടല്‍ വ്യവസായിയുമായ ശരത് ജി നായരും ഉള്‍പ്പെടും.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. കേസിലെ ഗൂഡാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് വലിയ തിരിച്ചടിയായി. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ദിലീപ് കുറ്റവിമുക്തനാകുന്നത്.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയുള്‍പ്പെട്ട സംഘം ക്വട്ടേഷന്‍പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. ജൂലൈയിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. പ്രതിഭാഗം 221 രേഖകള്‍ ഹാജരാക്കി. കേസില്‍ 28 പേര്‍ കൂറുമാറി. മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here