മാഡം എന്നാൽ ശ്രീലക്ഷ്മിയോ? പുതിയ കഥാപാത്രത്തിൻ്റെ രംഗപ്രവേശം വിധിന്യായത്തിൽ!! മറുപടിയില്ലാതെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ ഇതുവരെ കേൾക്കാത്ത വസ്തുതകളും പുതിയ വ്യക്തികളും ചിത്രത്തിലേക്ക് വരികയാണ്. വിചാരണാകോടതിയുടെ വിധിയിലൂടെ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുന്നു. പൊലീസിൻ്റെ അതീവ ഗുരുതര വീഴ്ചകളും ഉത്തരവാദിത്തമില്ലാത്ത നടപടികളും കോടതി തലനാരിഴ കീറി വിശകലനം ചെയ്തിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ പൊലീസ് ഇപ്പോഴും പുറത്തുവിടുന്ന വിവരങ്ങൾ മാത്രം വിശ്വസിച്ച് കോടതിക്കെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുന്നവരും ഉണ്ട്.
2017ൽ നടി ആക്രമിക്കപ്പെട്ട കേസിൽ, ഒന്നാം പ്രതി പൾസർ സുനി സംഭവദിവസം നിരന്തരം ബന്ധപ്പെടുകയും, തിരിച്ച് സുനിക്ക് ഫോണിൽ സന്ദേശങ്ങൾ അയക്കുകയും ചെയ്ത സ്ത്രീയെ പ്രത്യേക അന്വേഷണ സംഘം എന്തുകൊണ്ട് സാക്ഷിയാക്കിയില്ല എന്ന് വിചാരണക്കോടതി ആരാഞ്ഞു. നടൻ ദിലീപിനെ വെറുതെ വിട്ട്, ആറ് പ്രതികളെ കുറ്റക്കാരാക്കി വിധി പറഞ്ഞ സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗ്ഗീസിൻ്റെ വിധിന്യായത്തിലാണ് പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ചൂണ്ടിക്കാട്ടുന്നത്.
പൾസർ സുനി അതിജീവിതയുമായി സഞ്ചരിക്കുന്ന ദിവസവും അതിന് തൊട്ടുമുമ്പും ‘ശ്രീലക്ഷ്മി’ എന്ന സ്ത്രീയെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ എന്തുകൊണ്ട് കേസിൽ സാക്ഷിയാക്കിയില്ല എന്ന ചോദ്യം പ്രോസിക്യൂഷൻ്റെ കേസിൻ്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ദൃശ്യങ്ങൾ പകർത്തിയത് ഒരു സ്ത്രീയുടെ ക്വട്ടേഷൻ്റെ ഭാഗമാണെന്ന പ്രതികളുടെ വാദം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വീഴ്ച ഗൗരവകരമാണ്.
സംഭവദിവസം ഫെബ്രുവരി 17ന് വൈകിട്ട് 6:22നും 7:59നും ഇടയിൽ ശ്രീലക്ഷ്മി പൾസർ സുനിയെ ആറ് തവണ വിളിച്ചു. രാത്രി 9:03നും 9:56നും ഇടയിൽ ഏഴ് മെസേജുകളും അയച്ചു. നടിയുടെ വാഹനത്തിൽ അതിക്രമിച്ച് കയറിയശേഷം പോലും സുനി ശ്രീലക്ഷ്മിയെ ഫോണിൽ വിളിക്കുകയോ, മെസേജ് അയക്കുകയോ ചെയ്തിട്ടുള്ളതായി കോടതി നിരീക്ഷിച്ചു. അതിക്രമവീഡിയോ റെക്കോർഡ് ചെയ്യുന്നതിന് അരമണിക്കൂർ മുമ്പുവരെ ശ്രീലക്ഷ്മി സുനിക്ക് മെസേജുകൾ അയച്ചിരുന്നുവെന്നും കണ്ടെത്തി.
ഇത്രയും പ്രധാനപ്പെട്ട തെളിവുകൾ ഉണ്ടായിട്ടും അന്വേഷണസംഘം ശ്രീലക്ഷ്മിയെ സാക്ഷിയാക്കുകയോ, അവരുടെ കോൾ ലിസ്റ്റും ലൊക്കേഷൻ വിവരങ്ങളും കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല എന്നതിനെ ഗൌരവമായാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. കുറ്റം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രതിയുമായി ബന്ധപ്പെട്ട ഈ സ്ത്രീക്ക് സംഭവത്തെക്കുറിച്ചും, സുനിയും ദിലീപും തമ്മിൽ ആരോപിക്കപ്പെട്ട ബന്ധത്തെക്കുറിച്ചും വിവരങ്ങൾ നൽകാൻ കഴിയുമായിരുന്നില്ലേ എന്നും കോടതി ചൂണ്ടിക്കാട്ടി.
ക്വട്ടേഷൻ നൽകിയത് ഒരു ‘മാഡം’ ആണെന്ന് പൾസർ സുനി ആദ്യ ഘട്ടത്തിൽ പറഞ്ഞിരുന്നതായി കോടതി വിധിന്യായത്തിൽ എടുത്തുപറഞ്ഞു. എന്നാൽ ഇങ്ങനെയൊരു സ്ത്രീയെ കണ്ടെത്താനോ, അവരുടെ പങ്ക് അന്വേഷിക്കാനോ, ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല. ശ്രീ ലക്ഷ്മിയെ ചോദ്യം ചെയ്തതിന് തെളിവുകളൊന്നും കോടതിക്ക് ലഭ്യമല്ലായിരുന്നില്ല. ഇവരെ കേസിൽ സാക്ഷിയാക്കി വിവരം ശേഖരിക്കാത്തതിന് വ്യക്തമായ കാരണങ്ങൾ പ്രോസിക്യൂഷൻ നൽകിയിട്ടുമില്ല.
പൾസർ സുനിയുടെ അറസ്റ്റിനുശേഷം പോലും ശ്രീലക്ഷ്മി അയാളുടെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. എന്നിട്ടും ഇവരെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൌലോസിൻ്റെ മൊഴിയെന്ന് കോടതി വ്യക്തമായി പറയുന്നു. പൾസർ സുനിയുമായി വളരെ അടുപ്പം പുലർത്തിയിരുന്ന ഈ സ്ത്രീയുടെ സ്വകാര്യത മാനിച്ചാണ് അവരുടെ ഫോണിലെ വിവരങ്ങൾ കോടതിയിൽ വെളിപ്പെടുത്താത്തത് എന്നായിരുന്നു ഒടുവിൽ പ്രോസിക്യൂഷൻ്റെ ന്യായം.
പൾസർ സുനിക്കൊപ്പം മറ്റൊരു കേസിൽ പ്രതിയായിരുന്ന കോട്ടയത്തെ ഒരു ഷൈനി തോമസിനെക്കുറിച്ചും കുറ്റുപത്രത്തിൽ പരാമർശം ഉണ്ടെങ്കിലും ഇവരുടെയും കൂടുതൽ വിവരങ്ങൾ പൊലീസ് അറിയിച്ചിട്ടില്ല. ഇവർ താമസിച്ചിരുന്ന വാടക വീട് റെയ്ഡ് ചെയ്യുകയും ഫോൺ പരിശോധിക്കുകയും ചെയ്തതായി പറയുന്നുണ്ട്. ഇവയെക്കുറിച്ചൊക്കെ ചോദിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ്റെ പ്രതികരണത്തെക്കുറിച്ച് കോടതി പറയുന്നത് ഇങ്ങനെ- He pretended ignorance!!
അതേസമയം വിധിന്യായത്തെ ഉദ്ധരിച്ച് ‘ദ ഹിന്ദു’ ദിനപത്രം ഈ വിവരം ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്ത് വിഷയം ചർച്ചയായതോടെ ശ്രീലക്ഷ്മിയുടെ കുടുംബത്തെ രംഗത്തിറക്കി പ്രതിരോധത്തിന് പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഐഡൻ്റിറ്റി വെളിപ്പെടുത്താൻ കഴിയില്ലെന്ന ഉപാധിയോടെ ശ്രീലക്ഷ്മിയുടെ ഭർത്താവെന്ന് പരിചയപ്പെടുത്തിയ ഒരാളുടെ അഭിമുഖമാണ് ന്യൂസ് ചാനലുകൾ വഴി പുറത്തുവന്നിട്ടുള്ളത്. “പൊലീസെല്ലാം കൃത്യമായി അന്വേഷിച്ചിട്ടുണ്ട്” എന്നാണ് ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here