ജീവിതത്തിലെ ഏറ്റവും ദുഖപൂര്‍ണമായ സംഭവം; നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നിയമസഭയില്‍ വികാരധീനനായ പിടി തോമസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായ ഇടപെടല്‍ നടത്തിയത് തൃക്കാക്കര എംഎല്‍എ ആയിരുന്നു പിടി തോമസായിരുന്നു. അതിക്രമം നടന്ന ശേഷം അതിജീവിത എത്തിയത് നടന്‍ ലാലിന്‌റെ വീട്ടിലായിരുന്നു. ഇവിടെ എത്തിയ പിടി തോമസിനോടാണ് താന്‍ നേരിട്ട അതിക്രമങ്ങള്‍ നടി വെളിപ്പെടുത്തിയത്. അന്ന് മുതല്‍ അതിജീവിതക്ക് ഒപ്പമായിരുന്നു പിടി തോമസ്. മരണം വരേയും അത് തുടര്‍ന്നു.
നടിക്ക് നേരിടേണ്ടി വന്ന അതിക്രമം നിയമസഭയിലും പിടി തോമസ് ഉന്നയിച്ചു. ഏറെ വൈകാരികമായിരുന്നു അന്നത്തെ പിടിയുടെ പ്രസംഗം. കൊച്ചി നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ടിട്ടും സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിനെ ആക്രമിച്ചു. കൂടാതെ സിപിഎം ചാനലായ കൈരളി നടിയെ അപകീര്‍ത്തിപ്പെടുത്തി എന്ന് ആരോപിക്കുകയും ചെയ്തു. തന്റെ മകളെയോ സഹോദരിയെയോ ഈ അവസ്ഥയില്‍ കാണുമ്പോഴുണ്ടാകുന്ന തീവ്രമായ വേദനയാണ് പ്രിയപ്പെട്ട നടി വിങ്ങിപ്പൊട്ടികൊണ്ട് സംഭവം വിശദീകരിച്ചപ്പോള്‍ തനിക്കുണ്ടായത് എന്നാണ് പിടി വിശേഷിപ്പിച്ചത്.
പിടി തോമസ് 2017 ഫെബ്രുവരി 27ന് നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗം
ഭരണാധികാരികളുടെയും ഭരണ സംവിധാനത്തിന്റെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും പൊതു സമൂഹത്തിന്റെയുമെല്ലാം സ്ത്രീകളോടുളള നിലവിലെ സമീപനത്തില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ പൊതുയിടങ്ങളിലും സ്വകാര്യ ജീവിതത്തിലും സ്ത്രീകള്‍ക്ക് സുരക്ഷയും അന്തസ്സും ഉറപ്പുവരുത്തുവാന്‍ കഴിയൂ. മാറ് മറയ്ക്കുന്നതിനുള്ള അവകാശത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയ പ്രദേശമാണ് കേരളം. അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് സ്ത്രീകളെ നയിച്ച വി. ടി. ഭട്ടതിരിപ്പാടിന്റെ സാംസ്‌കാരിക പൈതൃകം പേറുന്നവരാണ് നമ്മള്‍. അത്തരം ആശയ പ്രചരണത്തിലൂടെയാണ് സ്ത്രീമുന്നേറ്റത്തില്‍ മുന്നിലേയ്‌ക്കെത്തിയത്. വിദ്യാഭ്യാസത്തിലും തൊഴിലിടങ്ങളിലും സ്ത്രീ പങ്കാളിത്വത്തിലും പൊതു സ്വത്തുടമസ്ഥാവകാശങ്ങളിലും എല്ലാം കേരളീയ സ്ത്രീകള്‍ വളരെ മുന്നിലായിരുന്നു. എന്നാല്‍ സമൂഹത്തിലെ ചില പുതിയ പ്രവണതകളുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. സ്ത്രീപീഡനങ്ങള്‍ അനുദിനം വ്യാപകമാവുകയാണ്. ഒരു വയസ്സുളള പിഞ്ചുകുഞ്ഞ് മുതല്‍ 100 വയസ്സുളള മുതുമുത്തശ്ശിയെവരെ പീഡനത്തിനിരയാക്കുന്ന നാടായി കേരളം മാറുന്നു. ഈ അവസ്ഥ അതീവ ഗുരുതരമാണ്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പലവട്ടം കേരളം ചര്‍ച്ച ചെയ്തുകഴിഞ്ഞു. ശക്തമായ നിയമനിര്‍മ്മാണവും പഴുതുകളില്ലാത്ത സ്ത്രീസുരക്ഷ ഉറപ്പാക്കലും അനിവാര്യമാണ്. സ്ത്രീകള്‍ക്ക് മാത്രമല്ല. സമൂഹത്തിനുതന്നെ ഒരിഞ്ചുപോലും മുന്നോട്ട് പോകാന്‍ കഴിയാത്ത അപകടകരമായ സാഹചര്യം ഗ്രാമപഞ്ചായത്ത് മുതല്‍ നിയമസഭ വരെ ആനുപാതികമായ സ്ത്രീ പ്രാതിനിധ്യമുളള കേരളത്തില്‍പോലും ഉണ്ടായിരിക്കുന്നു വെന്നത് എത്രയോ ഗുരുതരമാണെന്ന് നാം ആലോചിക്കണം. അതുകൊണ്ടുതന്നെ കേരളത്തില്‍ കോടതിയിലും പോലീസിലും പ്രത്യേക വിഭാഗംതന്നെ സ്ത്രീ സുരക്ഷയ്ക്കായുണ്ട്. എന്നിട്ടും എന്തുകൊണ്ട് സ്ത്രീത്വം പൊതുയിടങ്ങളിലും തെരുവീഥികളിലും പിച്ചിച്ചീന്തപ്പെടുന്നുവെന്ന് നാം ആലോചിക്കുമ്പോഴാണ് നടി അക്രമിക്കപ്പെട്ട സംഭവമുണ്ടായത്. അതുകൊണ്ടുതന്നെ കുറ്റവാളികള്‍ ആരായാലും എത്ര പ്രബലരായാലും വേരോടെ പിഴുതെറിയുകതന്നെ വേണമെന്ന് ഞാന്‍ വിനയപൂര്‍വ്വം ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ആവശ്യപ്പെടുകയാണ്.
എം.എല്‍.എ., എം.പി., പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ 30 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള എളിയ ഒരാളാണ് ഞാന്‍. കഴിഞ്ഞ 17-ാം തീയതി രാത്രി 11.00 മണിക്കുശേഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖപൂര്‍ണ്ണമായ അന്തരീക്ഷമാണ് എന്റെ മണ്ഡലത്തിലെ നടനും സംവിധായകനുമായ ലാലിന്റെ വീട്ടില്‍ വച്ച് യുവനടിയെ നേരിട്ട് കണ്ടപ്പോള്‍ എനിക്കുണ്ടായതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ മകളെയോ സഹോദരിയെയോ ഈ അവസ്ഥയില്‍ കാണുമ്പോഴുണ്ടാകുന്ന തീവ്രമായ വേദനയാണ് പ്രിയപ്പെട്ട നടി വിങ്ങിപ്പൊട്ടികൊണ്ട് സംഭവം വിശദീകരിച്ചപ്പോള്‍ എനിക്കുണ്ടായത്. അത് കേരള സമൂഹത്തിന്റെ ദുഃഖമായി. ജ്വാലയായി പടര്‍ന്നുകയറിയിരുന്നു. ആ സംഭവമുണ്ടായ ഉടന്‍തന്നെ തനിക്കുണ്ടായ ദുരനുഭവം വിശദീകരിച്ചുകൊണ്ട് ദുഃഖക്കടലായിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മുമ്പില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ സ്തംഭിച്ചുപോകുന്ന അവസ്ഥ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതത്തിലുണ്ടാകുന്നത് വളരെ ദുഖകരമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. വൈകുന്നേരം 7.00 മണിക്കുശേഷം തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെടുകയും അത്താണിക്കു സമീപം കുറേയാളുകള്‍ വണ്ടികൊണ്ടിടിച്ച് അതിക്രമിച്ചു കയറുകയായിരുന്നു വെന്നുമാണ് നടി പറഞ്ഞത്. പാലാരിവട്ടം, വെണ്ണല, കാക്കനാട് വഴി വാഹനം വാഴക്കാലയില്‍ എത്തുന്നു. അതീവ സുരക്ഷാ സംവിധാനമുളള എയര്‍പോര്‍ട്ട് അടക്കമുള്ള റോഡില്‍ പിങ്ക് പോലീസും ധാരാളം പട്രോളിംഗുമുള്ള റോഡില്‍ ഒരു XUV എന്നുപറയുന്ന ചെറിയ വണ്ടിയില്‍ പാവപ്പെട്ട സ്ത്രീ പീഡനത്തിന് വിധേയമാകുമ്പോള്‍, സ്ത്രീസുരക്ഷ മുദ്രാവാക്യമായി ഉയര്‍ത്തി അധികാരത്തില്‍ വന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി. അങ്ങയുടെ ഗവണ്‍മെന്റ് എന്തുകൊണ്ട് ഇത് കണ്ടുപിടിച്ചില്ല. നിരവധി ക്യാമറകളും 14-ഓളം ട്രാഫിക് ജംഗ്ഷനുകളുമുള്ള പാതയാണിത്. ഈ വാര്‍ത്തയറിഞ്ഞ് കേരളം ഞെട്ടിത്തരിച്ചിരിക്കുമ്പോഴാണ് പുലര്‍കാലത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക ചാനലെന്നുപോലും പലരും തെറ്റിദ്ധരിക്കുന്ന കൈരളി ചാനലില്‍ പീഡിതയായ നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവരുന്നത്. പിന്നീട് വിഷയം വിവാദമായപ്പോഴാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ചാനലിന്റെ എല്ലാമെല്ലാമായ ശ്രീ. ജോണ്‍ ബ്രിട്ടാസ് പരസ്യമായി മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചത്. ഈ കൊടും ക്രൂരതയെ അപലപിക്കുന്നതിനുപകരം കൈരളി ചാനല്‍ ഇപ്രകാരം ചെയ്തത് എന്തിനാണ്; ഇത് ആരുടെ താല്‍പ്പര്യമാണ്? അവിടെയാണ് ഈ കേസ്സിന്റെ ആരംഭത്തിലെ നിഗൂഢതകളുടെ ചുരുള്‍ കണ്ടെത്തേണ്ടത്.
ഇവര്‍ ആരുടെ പക്ഷത്തായിരുന്നു; ഇരയുടെ പക്ഷത്താണോ? മറുപടി പറയണം. കൈരളി ചാനലിന്റെ ചുവടുപിടിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രസ്താവന പിന്നാലെ വന്നു. ഏത് സ്ത്രീ ആക്രമിക്കപ്പെട്ടാലും നടപടിയെടുക്കുമെന്ന് പറഞ്ഞു. നല്ല കാര്യം. ‘ഏത് പിള്ള’ എന്ന് അങ്ങ് ചോദിച്ച സ്വരമായിരുന്നു അതിന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി തുടരുകയാണ്. ആര് അവരെ ഐഡന്റിഫൈ ചെയ്തു. നടിയുടെ ഡ്രൈവറോ; അതിന് മുമ്പുളള ഡ്രൈവറോ എന്ന പ്രയോഗം എന്തിന് വേണ്ടിയായിരുന്നു; ആരെ സഹായിക്കാന്‍ വേണ്ടിയായിരുന്നു? പിന്നീട് മുന്‍ ആഭ്യന്തര വകുപ്പുമന്ത്രിയും ഇപ്പോഴത്തെ പാര്‍ട്ടി സെക്രട്ടറിയുമായ ശ്രീ. കോടിയേരി ബാലകൃഷണന്റെ ന്യായീകരണം വന്നു, ‘ഇത് ഒറ്റപ്പെട്ട സംഭവമാണ്. മൂന്നുമാസം ഗൂഢാലോചന നടത്തി എല്ലാ സംവിധാനങ്ങളും ഒരുക്കി നടത്തിയ സംഭവമാണ്. ഇത്രയും പേര്‍ പൊതുസമൂഹത്തില്‍ നടിയെ അപകീര്‍ത്തിപ്പെടുത്തി മാനസികമായി തളര്‍ത്തിയിട്ട് കേസില്‍നിന്ന് പിന്‍മാറ്റാനുളള ശ്രമമാണ് നടത്തിയത്. ജനമദ്ധ്യത്തില്‍ കൊടും ക്രൂരതയ്ക്ക് വെളളപൂശാനാകില്ല. കേരള സമൂഹത്തില്‍ ഉയര്‍ന്നുവന്ന അത്യപൂര്‍വ്വമായ പ്രതിഷേധ ജ്വാലയെത്തുടര്‍ന്ന് ആദ്യം നടിയെ അപകീര്‍ത്തിപ്പെടുത്താനും കുറ്റവാളികളെ വെള്ളപൂശാനും ശ്രമിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും കൈരളി ചാനലിനും നിലപാട് മാറ്റേണ്ടിവന്നു. ശ്രീ. ജോണ്‍ ബ്രിട്ടാസ് പരസ്യമായി മാപ്പ് പറഞ്ഞു, പക്ഷേ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ശ്രീ. കോടിയേരി ബാലകൃഷ്ണനും പറഞ്ഞില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രീ, അങ്ങ് പറഞ്ഞ സ്ത്രീസുരക്ഷയില്‍ വിശ്വസിക്കുന്നു വെങ്കില്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പരസ്യമായി മാപ്പപേക്ഷിക്കണം. അതിനുപകരം ഇത് അട്ടിമറിക്കാനുള്ള ഗൂഢതന്ത്രങ്ങളാണ് പ്രസ്താവനയിലൂടെ പുറത്തുവന്നത്. ജനാധിപത്യ മഹിളാ അസോസിയേഷനെയോ എന്റെ പ്രിയപ്പെട്ട ഡി.വൈ.എഫ്.ഐ.ക്കാരെയോ പുരോഗമന കലാ സംഘത്തെയോ വൃന്ദ-ശ്രീമതി- സീമ ത്രയങ്ങളെയോ കണ്ടില്ല. ഒരു പോളിറ്റ്ബ്യൂറോ അംഗം മാനഭംഗപ്പെടുത്തിയെന്ന മട്ടിലാണ് അവര്‍ മൗനികളായിരുന്നത്. മഹാമുനികളേ മൗനം വെടിയൂ എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്…..

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here