പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പരാതിയുമായി അതിജീവിത! 16 സോഷ്യൽ മീഡിയ ലിങ്കുകൾ ഹാജരാക്കി

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും വീഡിയോയിലൂടെ പ്രചരിപ്പിക്കുകയാണെന്ന് നടി പറഞ്ഞു.
മാർട്ടിൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും അത് പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നുമാണ് നടിയുടെ ആവശ്യം. ഈ വീഡിയോ പ്രചരിക്കുന്ന 16 സോഷ്യൽ മീഡിയ ലിങ്കുകൾ സഹിതമാണ് നടി പരാതി നൽകിയിരിക്കുന്നത്. അതിജീവിതയുടെ പേര് ഉൾപ്പടെ വെളിപ്പെടുത്തിയാണ് മാർട്ടിൻ വീഡിയോ പ്രചരിപ്പിച്ചത്. നടിയുടെ നേതൃത്വത്തിൽ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ പ്രധാന ആരോപണം. പരാതിയിൽ ഉടൻ പൊലീസ് കേസെടുക്കും എന്നാണ് വിവരം.
നടിയെ ആക്രമിച്ച കേസിൽ കോടതി പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ പ്രചരിച്ചത്. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിജീവിതയ്ക്ക് ശക്തമായ ഉറപ്പുകളാണ് മുഖ്യമന്ത്രി നൽകിയത്. കേരള ജനത ഒപ്പമുണ്ടെന്നും പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
വിചാരണക്കോടതിയുടെ വിധിക്കെതിരെ സർക്കാർ ഉടൻ തന്നെ അപ്പീൽ നൽകുമെന്നും കേസിലെ പ്രതി മാർട്ടിൻ്റെ വീഡിയോക്ക് എതിരെ സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുമെന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here