‘ഭക്ഷണം നൽകില്ല, പരിഗണിക്കുന്നത് നായ്ക്കളെ പോലെ’; നടിക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുജോലിക്കാരി

തെലുങ്ക് നടി ഡിംപിൾ ഹയാതിക്കും ഭർത്താവ് ഡേവിഡിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീട്ടുജോലിക്കാരി. 22 കാരിയായ പ്രിയങ്ക ബിബാർ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഹൈദരാബാദിലെ വസതിയിൽ ജോലി ചെയ്യുന്നതിനിടെ തനിക്ക് നിരന്തരം പീഡനവും അപമാനവും നേരിടേണ്ടി വന്നെന്നാണ് അവർ പരാതിയിൽ പറയുന്നത്.
പീഡനം മൂലം വെറും 10 ദിവാസം മാത്രമാണ് ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തതത്. ദിവസവും ഉപദ്രവിക്കും, ഭക്ഷണം നൽകില്ല, കൊല്ലുമെന്ന് ഭീഷണിപെടുത്തും. ‘നിങ്ങൾ നായ്ക്കളാണ്, നിങ്ങൾ യാചകരാണ്, അതിനാൽ അതുപോലെ നിൽക്കണം’ എന്ന് പറഞ്ഞു സ്ഥിരമായി അധിക്ഷേപിക്കാറുണ്ടായിരുന്നു. ഇതിനെ കുറിച്ച് മാനേജറോട് പറഞ്ഞപ്പോൾ തന്റെ ഫോൺ പൊട്ടിച്ചു കളഞ്ഞു. എല്ലാ ജോലിക്കാരോടും ഇങ്ങനെയാണ് പെരുമാറുന്നതെന്നും യുവതി പരാതിയിൽ പറയുന്നു.
ആരോപണം ഉന്നയിച്ചതോടെ വീണ്ടും തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. വഴക്കിനിടെയിൽ വസ്ത്രങ്ങൾ വലിച്ചു കീറി. നഗ്നവീഡിയോകൾ ചിത്രീകരിക്കാൻ ശ്രമിച്ചതായും പ്രിയങ്ക പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ നടിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
27 കാരിയായ ഡിംപിൾ ഹയാതി 2017ൽ ‘ഗൾഫ്’ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഖിലാഡി, രാമബാണം, ഗദ്ദലകൊണ്ട ഗണേഷ്, യുറീക്ക, വീരമേ വാഗൈ സൂദും, ദേവി 2 എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ധനുഷ്, സാറ അലി ഖാൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം ആനന്ദ് എൽ റായിയുടെ ‘അത്രംഗി രേ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മുൻപും താരത്തിനും പ്രതിശ്രുത വരനായിരുന്ന ഡേവിഡിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥന്റെ വാഹനത്തിൽ കാറിടിപ്പിച്ച് കേടുവരുത്തി എന്നായിരുന്നു കേസ്. ജൂബിലി ഹിൽസ് പൊലീസാണ് കേസെടുത്തത്. ഇവരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here