ജാതി അധിക്ഷേപക്കേസ്; നടി മീര മിഥുൻ അറസ്റ്റിൽ.. ജാമ്യത്തിലിറങ്ങി മുങ്ങി നടന്നത് മൂന്നു വർഷം

സോഷ്യൽ മീഡിയയിലൂടെ ദളിതർക്കെതിരെ അധിക്ഷേപ പരാമർശം നടത്തി അറസ്റ്റിലാവുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയും ചെയ്ത തമിഴ് നടി പോലീസിന്റെ പിടിയിൽ. നടിയും മോഡലും യൂട്യൂബറുമായ മീരാ മിഥുനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
2021 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ്
എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവരെന്നും പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള സംവിധായകരെ തമിഴ് സിനിമയിൽ നിന്നും പുറത്താകണമെന്നും നടി പരാമർശിച്ചിരുന്നു. ഇതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. തുടർന്നാണ് പോലീസ് കേസ് എടുത്തത്. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം നടി ഒളിവിൽ പോകുകയായിരുന്നു. കേസിന്റെ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാത്തതിനാൽ 2022ൽ കോടതി നടിക്കെതിരെ അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു.
അതേസമയം, അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മൂന്നുവർഷമായിട്ടും നടിയെ പിടിക്കാൻ സാധിക്കാത്തതിൽ കോടതി പോലീസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. നടി മീര മിഥുനും സുഹൃത്ത് സാം അഭിഷേകിനുമെതിരെ ഏഴ് വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയ് ടിവിയിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെയാണ് മീര മിഥുൻ പ്രശസ്തയാവുന്നത്. കൂടാതെ ജോഡി നമ്പർ വൺ എന്ന പരിപാടിയിലും പങ്കെടുത്തിരുന്നു. ബോധൈ യെരി ബുദ്ധി മാരി, താന സേർന്ത കൂട്ടം, തോട്ടകൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here